ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ തടയാനുള്ള കോൺഗ്രസിന് തിരിച്ചടി നൽകി മൂന്ന് എം.എൽ.എമാർ ഇപ്പോഴും കാണാമറയത്ത്. ഇന്ന് ബംഗളൂരുവിൽ വിളിച്ച് ചേർത്ത യോഗത്തിൽ എല്ലാ എം.എൽ.എമാരും എത്തണമെന്ന് കോൺഗ്രസ് നിർദ്ദേശച്ചിരുന്നു. യോഗത്തിന് എത്താത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ഇതുവരെ യോഗത്തിനെത്തിയിട്ടില്ല. രണ്ട് സ്വതന്ത്രർക്കൊപ്പം വിമത കോൺഗ്രസ് എം.എൽ.എമാർ ഇപ്പോൾ മുംബയിലെ സ്വകാര്യ ഹോട്ടലിൽ ഉണ്ടെന്നാണ് കരുതുന്നത്. ഇവരെ ബി.ജെ.പി എം.പിയായ സഞ്ജയ് രാമചന്ദ്ര പട്ടീൽ ഇന്ന് രാവിലെ ഹോട്ടലിലെത്തി ഇവരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
അതേസമയം, സഖ്യസർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാർട്ടി എം.എൽ.എ രംഗത്തെത്തിയത് ബി.ജെ.പിക്കും തിരിച്ചടിയായി. ചിക്കമംഗളൂരുവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സി.ടി രവിയാണ് സംസ്ഥാനത്തെ അനിശ്ചിതാവസ്ഥ മുതലെടുക്കാൻ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പറഞ്ഞത്. കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ് യെദിയൂരപ്പ രംഗത്തെത്തിയതിനു പിറകെയാണ് എം.എൽ.എയുടെ വെളിപ്പെടുത്തൽ.
ജെ.ഡി.എസിനും കോൺഗ്രസിനുമിടയിൽ പുകയുന്ന തീ ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്കും അവസരമുണ്ട്. ഇത് രാഷ്ട്രീയമാണ്. അല്ലാതെ ജീവകാരുണ്യ പ്രവർത്തനമല്ലെന്നും കർണാടക ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി കൂടിയായ സി.ടി രവി പറഞ്ഞു. ഞങ്ങൾ 104 സീറ്റുകളിൽ ജയിച്ചു. ചെറിയ കണക്കുകൾ ഉപയോഗിച്ച് നിങ്ങൾ സർക്കാർ രൂപീകരിച്ചു. കോൺഗ്രസിലും ജെ.ഡി.എസിലും ഭിന്നിപ്പുണ്ട്. ആ തീയിൽ എണ്ണയൊഴിക്കുക എന്നത് ഞങ്ങളുടെ രാഷ്ട്രീയമാണ്. എം.എൽ.എമാർ കോൺഗ്രസിനും ജെ.ഡി.എസിനും ഒപ്പം നിൽക്കുന്നില്ലെങ്കിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തരുതെന്നും ടി.സി.രവി മുന്നറിയിപ്പ് നൽകിയിരുന്നു.