samsung

വിപണിയിൽ ചൈനീസ് ഫോണുകൾ പിടിമുറുക്കുമ്പോൾ ഇലക്ട്രോണിക്സ് ഭീമൻമാരായ സാംസങ്ങും മാറ്റത്തിന് തയ്യാറൊടുക്കുകയാണ്. പതിനായിരത്തിൽ താഴെ വിലയുള്ള ബഡ്ജറ്റ് സ്മാർട്ട് ഫോണുമായാണ് സാംസങ്ങിന്റെ വരവ്. എം സീരീസ് എന്ന് പേരിട്ടിരിക്കുന്ന ഫോണുകളാണ് സാംസങ്ങ് കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുന്നത്.

എം10,​ എം20 എന്നിങ്ങനെ രണ്ട് മോഡലുകളാണ് അവതരിപ്പിക്കുന്നത്. സാംസങ്ങ് തങ്ങളുടെ പുതിയ മോഡലായ എം സീരീസ് ഫോണുകൾ ആദ്യമായി പുറത്തിറക്കാനായി തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. ബഡ്‌ജറ്റ് ഫോണുകളുടെ ഏറ്റവും വലിയ വിപണിയും ഇന്ത്യയായതിനാലാകാം സാംസങ് ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണം. ജനുവരി 28മുതലാണ് ഫോണുകൾ വിപണിയിലെത്തുന്നത്. സംസങ്ങ് സ്റ്റ‌ോറിലും എം സീരീസ് ഫോണുകൾ ഉടൻ ലഭ്യമാകും.

ബഡ്ജറ്റ് ഫോണുകളാണെങ്കിലും മൂല്യത്തിന് വിലകൽപ്പിക്കുന്ന പ്രത്യേകതകൾ ഫോണിനുണ്ടെന്നാണ് വിവരം. 6.2ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 3500എം.എ.എച്ച് ബാറ്ററിയും,​ 5000എം.എ.എച്ച് ബാറ്ററയുമാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ. കൂടാതെ വാട്ടർ ഡ്രോപ്പ് നോച്ച് അടങ്ങുന്ന ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇരട്ട കാമറയും ഫിംഗർ പ്രിന്റ് സെൻസറും തുടങ്ങി മികച്ച സ്റ്രോറേജ് സംവിധാനവും ഫോണുകൾക്ക് ഉണ്ടാവും. സാംസങ്ങ് ഗാലക്സി എം10 ന് 7,​990രൂപയും,​ ഗാലക്സി എം20ക്ക് 10,​990 രൂപയുമാണ് വിലയെന്നാണ് വിവരം. ഇതിന് പുറമെ എം സീരീസിലെ മൂന്നാമനും ഇവർക്ക് പിന്നാലെ എത്തും. എം30 എന്ന് പേരിട്ടിരിക്കുന്ന മോഡലിന് വില അല്പം കൂടും. ഏകദേശം ഇരുപതിനായിരത്തിന് മുകളിലായിരിക്കും എം30ക്ക് പ്രതീക്ഷിക്കുന്ന വില.

എന്തായാലും ഇത്തവണ സാംസങ്ങ് രണ്ടും കല്പിച്ചാണ് എത്തുന്നത്. ചൈനീസ് ഫോണുകൾ വിപണിയിൽ കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ എത്തിച്ച് വിപണി പിടിക്കുമ്പോൾ പല മുൻനിര കമ്പനികളുടെയും ഫോണുകൾ പെട്ടിയിലായിരിക്കുകയാണ് .ഈ സാഹചര്യത്തിലാണ് സാംസങ്ങ് പുതിയ മോഡലും ഫീച്ചറുകളും അണിനിരത്തി ബഡ്‌ജറ്റ് ഫോണുകളുമായി എത്തുന്നത്.