rama-temple-ayodhya

നാഗ്പൂർ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം 2025 ഓടെ പൂർത്തിയാക്കണമെന്നും ഇതോടെ രാജ്യത്തിന്റെ വളർച്ചയുടെ വേഗത വർദ്ധിക്കുമെന്നും ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞു.

പ്രയാഗ്രാജിലെ കുംഭമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഭയ്യാജി ഇക്കാര്യം പറഞ്ഞത്.

രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി കഴിഞ്ഞാൽ വരുന്ന 150 വർഷത്തോളം രാജ്യം പുരോഗതിയുടെ പാതയിലായിരിക്കും.രാമക്ഷേത്രം ഇന്ത്യയുടെ പൊതുസ്വത്ത് എന്ന നിലയിൽ ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിയും. 1952ൽ ഗുജറാത്തിൽ സോമനാഥ് ക്ഷേത്രം നിർമിച്ചപ്പോൾ ഉണ്ടായതുപോലെയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമില്ലാതിരുന്നിട്ടും രാജ്യത്ത് ഏറെ സൈനികർ കൊല്ലപ്പെടുന്നതിലും അദ്ദേഹം എതിർപ്പ് അറിയിച്ചു. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കപ്പെടുന്നില്ലെന്നും ഭയ്യാജി പറഞ്ഞു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിർമാണം പൂർത്തിയാക്കണമെന്ന സമ്മർദം കേന്ദ്രത്തിന് മേൽ ആർ.എസ്.എസ് ചെലുത്തില്ലെന്നതിന്റെ സൂചനയാണ് ഭയ്യാജി ജോഷിയുടെ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സുപ്രീംകോടതിയിൽ നിന്നു അയോദ്ധ്യ കേസ് വിധി വരുന്നതുവരെ രാമക്ഷേത്ര നിർമാണ വിഷയത്തിൽ പ്രതികരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്കുശേഷം മാത്രമായിരിക്കും വിഷയത്തിൽ ഓർഡിനൻസ് ഇറക്കണോയെന്നു തീരുമാനിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അയോദ്ധ്യയിൽ മാത്രമായിരിക്കും ക്ഷേത്രമുയരുകയെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാമനിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. മാറ്റത്തിനായി സമയമെടുക്കില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
അതേസമയം രാമക്ഷേത്രത്തിനായി നിയമ നിർമാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകണമെന്നാണ് വി.എച്ച്.പി നിലപാട്.