LOKSABHA ELECTION
ഇന്ത്യൻ രാഷ്ട്രീയം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയായിരിക്കും അധികാരത്തിൽ വരിക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2018 മദ്ധ്യംവരെ ഈ ആശങ്കയ്ക്ക് ഒരു പ്രസക്തിയുമില്ലായിരുന്നു. കാരണം മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അനായാസ വിജയം കൊയ്യുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 2018 മധ്യത്തിൽ ഉത്തർപ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്, ഇക്കഴിഞ്ഞ ഡിസംബറിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടി എന്നിവ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയചിത്രം മാറ്റി വരച്ചിരിക്കുകയാണ്. ഇതുവരെ മോദിയെ മാത്രം പ്രധാനമന്ത്രിയായി കണ്ടിരുന്നിടത്ത് രാഹുൽ ശക്തനായ നേതാവായി മാറിക്കഴിഞ്ഞു. ബി.ജെ.പിയെപ്പോലെ കോൺഗ്രസും ദേശീയതലത്തിൽ അധികാരത്തിൽ വരാനുള്ള സാദ്ധ്യത പലരും കൽപ്പിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം വളരെ സങ്കീർണവും അവ്യക്തവും പ്രവചനാതീതവുമായ രാഷ്ട്രീയ കൂട്ടുകെട്ടുകളും സാദ്ധ്യതകളും അതേസമയം പ്രസക്തമായ പല ചോദ്യങ്ങളും ഉയർത്തുന്നു.
മൂന്ന് ചോദ്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്. ഒന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ മഹാസഖ്യം രൂപപ്പെടുമോ അതിന് നേതൃത്വം നൽകാൻ കോൺഗ്രസിനും കൂടെക്കൂടാൻ മറ്റുള്ളവർക്കും കഴിയുമോ? രണ്ട് മോദി നേതൃത്വം നൽകുന്ന മുന്നണിയെ ഫലപ്രദമായി നേരിടാൻ പ്രതിപക്ഷത്തിന് കഴിയുമോ? മൂന്ന് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന്റെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് കെൽപ്പുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിശകലനമാണ്.
ബി.ജെ.പിക്കെതിരെ മഹാസഖ്യ രൂപീകരണം വളരെ പ്രതിസന്ധി നേരിടുന്നുണ്ട്. ഒന്നാമതായി ബി.ജെ.പിക്കോ കോൺഗ്രസിനോ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ തങ്ങൾക്ക് വളരാനുള്ള ഒരു അവസരമായി പ്രാദേശിക പാർട്ടികളും മറ്റ് ചെറുകക്ഷികളും തിരഞ്ഞെടുപ്പിനെ കാണും. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമായാൽ മത്സരിക്കാൻ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും തിരഞ്ഞെടുപ്പിന് ശേഷം കിട്ടാവുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും പരിമിതികളുണ്ടാകും. അതുകൊണ്ടുതന്നെ എല്ലാ സാദ്ധ്യതകളും പരിശോധിച്ച് ഒറ്റയ്ക്ക് മത്സരിക്കാനും പ്രാദേശികസഖ്യങ്ങൾ രൂപീകരിക്കാനും ഇവർ തയാറായേക്കും. രാജസ്ഥാൻ മദ്ധ്യപ്രദേശ് , ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.പി, ബി.എസ്.പി , ഇടതുകക്ഷികൾ എടുത്ത നിലപാട്, യു.പിയിൽ രൂപംകൊണ്ട എസ്.പി- ബി.എസ്.പി സഖ്യം , തെലുങ്കാനയിലും ഒറീസയിലും യഥാക്രമം ടി.ആർ.എസിന്റെയും ബിജു ജനതാദളിന്റെയും നിലപാടുകൾ ഈ പ്രവണതയ്ക്കുള്ള പ്രകടമായ ഉദാഹരണങ്ങളാണ്. ഈ പാർട്ടികളിൽ പ്രത്യേകിച്ചും ബി.എസ്.പിയും എസ്.പിയും കാര്യമായ നേട്ടമുണ്ടാക്കിയാൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കണം എന്നില്ല. മായാവതിയും മമതയും പ്രധാനമന്ത്രി മോഹങ്ങളുള്ളവരാണ്. ഇടതുപക്ഷത്തിന്റെ സാദ്ധ്യതകളും രാഷ്ട്രീയ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം കൂടിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചാൽ കേരളത്തിൽ സി.പി.എമ്മിന്റെ കോൺഗ്രസ് വിരുദ്ധതയ്ക്ക് ന്യായമില്ലാതാകും. മഹാസഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കേണ്ടിവരുന്ന മിക്ക പാർട്ടികളും കാലാകാലങ്ങളായി കോൺഗ്രസ് വിരുദ്ധതയിൽ ഊന്നിയുള്ളവയാണ്. മഹാസഖ്യത്തിന്റെ രൂപീകരണത്തെയും പ്രായോഗികതയെയും ദുഷ്കരമാക്കുന്ന രാഷ്ട്രീയ യാഥാർത്ഥ്യങ്ങളാണിവ.
ഏതെങ്കിലും സാഹചര്യത്തിൽ അത്തരമൊരു സഖ്യം യാഥാർത്ഥ്യമായാൽ തിരഞ്ഞെടുപ്പ് ഗോദയിൽ പ്രസക്തമായ മറ്റ് ചോദ്യങ്ങളുയരും. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുറുപ്പ് ചീട്ടാണ് മോദിയുടെ നേതൃത്വം. 2014 മുതൽ വളരെ ആസൂത്രിതമായി നിർമ്മിച്ചെടുത്തിട്ടുള്ളതാണ് മോദിയുടെ അമാനുഷികത. തിരഞ്ഞെടുപ്പിനെ തന്നെ ശക്തമായ നേതൃത്വത്തിന്റെ ഹിതപരിശോധനയായി ബി.ജെ.പി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിനെ പിന്തുണയ്ക്കാൻ സാദ്ധ്യതയുള്ള മിക്ക പ്രാദേശിക പാർട്ടികളും തങ്ങളുടെ നേതാവിനെ ഉന്നതികളിൽ പ്രതിഷ്ഠിച്ചിട്ടുള്ളവരാണ്. മമത, മായാവതി, ചന്ദ്രബാബുനായിഡു, സ്റ്റാലിൻ ഇവരിൽ കവിഞ്ഞ നേതാവ് ആ പാർട്ടികൾക്കില്ല. മറ്റൊരാളെ നേതാവായി അംഗീകരിച്ചാൽ സ്വന്തം പാർട്ടി ദുർബലമാകും. അതുകൊണ്ടാണ് പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ സാധിക്കാത്തത്. രാഹുലിനെ പപ്പു എന്ന് പരിഹസിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ബലം നൽകുന്നതാണ് പ്രാദേശിക പാർട്ടികളുടെ ഈ സമീപനം. നേതൃത്വം ഇല്ലാത്ത തട്ടിക്കൂട്ട് മുന്നണിയാണ് ബി.ജെ.പിയെ നേരിടുന്നതെന്ന വാദം മോദി തന്നെ ഉയർത്തിക്കഴിഞ്ഞു. മോദി എന്ന ശക്തിമാൻ നയിക്കുന്ന മുന്നണിയെ നേരിടാൻ ആരുണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ മഹാസഖ്യം മടിക്കുകയാണ്. മോദി ബ്രാൻഡ് വിറ്ര് വോട്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ നേട്ടമാണിത്. ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് ഈ തിരഞ്ഞെടുപ്പിനെ ദേശീയ അഭിമാനത്തിന്റെയും ദേശീയ പ്രശ്ന പരിഹാരത്തിന്റെയും അവസരമായി ബി.ജെ.പി അവതരിപ്പിക്കുന്നത്. കോൺഗ്രസ് ദേശീയ പാർട്ടിയാണെങ്കിലും ബി.ജെ.പി ഉയർത്തുന്ന പാൻ ഇന്ത്യ രാഷ്ട്രീയ പരിപ്രേക്ഷ്യത്തെ ഫലപ്രദമായി നേരിടാൻ കോൺഗ്രസ് തന്ത്രങ്ങൾ മെനയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ കൂട്ടുകക്ഷികളായ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കുക എളുപ്പമല്ല. ചുരുക്കത്തിൽ ബി.ജെ.പിയെ നേരിടാൻ പോന്ന ദേശീയ പാർട്ടിയായി കോൺഗ്രസിനെയും ആ സഖ്യത്തിന്റെ നേതാവായി രാഹുലിനെയും അംഗീകരിക്കാത്തത് പ്രതിപക്ഷത്തെ മുന്നണിയെ ദുർബലമാക്കും.
അതേസമയം രാഹുലിന്റെ നേതൃത്വം അംഗീകരിച്ചാൽ തങ്ങളുടെ പ്രാദേശിക പ്രസക്തിയും നേതൃത്വവും സത്തയും ചോദ്യം ചെയ്യപ്പെടും. ഈ പ്രശ്നം തന്നെയാണ് ഇടതുകക്ഷികൾ കേരളത്തിൽ നേരിടുന്നത്.
മുകളിൽ പ്രതിപാദിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ ബി.ജെ.പിക്ക് മേൽക്കൈ ഉണ്ടെന്ന് തോന്നാമെങ്കിലും പ്രതിപക്ഷ മുന്നണിക്ക് ബലം നൽകുന്നത് മോദിഭരണം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നിടത്താണ്. ഒരു മോദി - ബി.ജെ.പി വിരുദ്ധ തരംഗത്തിലേക്ക് ഈ അസംതൃപ്തി വളർന്നിട്ടില്ലെങ്കിലും ജനങ്ങൾ മറ്റൊരു മുന്നണിയുടെ സാദ്ധ്യതകളെക്കുറിച്ച് , മറ്റൊരു കേന്ദ്രസർക്കാരിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു എന്നതാണ് പ്രസക്തം. ഇവർ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായും ഒരു പ്രതിപക്ഷ കൂട്ടുസർക്കാരിന്റെ സാദ്ധ്യതയും മുന്നിൽക്കാണുന്നു. ഒരു മുന്നണിയെന്ന നിലയിൽ ബി.ജെ.പിയിലെ കാര്യങ്ങളും അത്ര ശുഭകരമല്ല. ശിവസേനയും അസാം ഗണപരിക്ഷത്തുമായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ തന്നെ സീറ്റുകൾ ക്രമാതീതമായി കുറഞ്ഞാൽ മോദിയുടെ നേതൃത്വത്തെക്കുറിച്ച് തന്നെ ചോദ്യങ്ങളുയരും. ഇതിന്റെ സൂചന നിതിൻ ഗഡ്കരി എം.പി, രാജസ്ഥാൻ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നൽകിക്കഴിഞ്ഞു.
മൂന്നാമത് ആശയപരമായി ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ പൊളിച്ചെഴുതാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്നതാണ്. മതേതര ജനാധിപത്യ ആശയങ്ങൾക്ക് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ ഫലപ്രദമായ പദ്ധതിയില്ല. പലപ്പോഴും ബി.ജെ.പി ഉയർത്തുന്ന സാംസ്കാരിക ദേശീയതയോടുള്ള പ്രതികരണമായി ഒതുങ്ങുകയാണ് പ്രതിപക്ഷത്തിന്റെ മതേതര ജനാധിപത്യ നിലപാടുകൾ. അതുകൊണ്ടാണ് അമ്പലങ്ങളിൽ കയറിയിറങ്ങാൻ രാഹുലും ശബരിമലയിൽ വിശ്വാസികൾക്കൊപ്പമെന്ന് വർത്തമാനിക്കാൻ കോൺഗ്രസും നിർബന്ധിക്കപ്പെടുന്നത്. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ എല്ലാ പാർട്ടികളും മത്സരിക്കുന്നിടത്താണ് ബി.ജെ.പി വിജയിക്കുന്നതും മതേതരപാർട്ടികൾ ദുർബലമാകുന്നതും. ബി.ജെ.പിയെ ഫാസിസ്റ്റ് എന്ന് വിമർശിച്ചതുകൊണ്ടുമാത്രം പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്നു എന്ന് പറയുന്ന യഥാർത്ഥ ഇന്ത്യയുടെ ജനാധിപത്യ ആശയങ്ങൾ ജനങ്ങളിലേക്കെത്തില്ല.
മുകളിൽ സൂചിപ്പിച്ച കക്ഷിരാഷ്ട്രീയ കൂട്ടുകെട്ടുകളുടെ സാദ്ധ്യതകളും അധികാര താത്പര്യ സംരക്ഷണവും ആശയപരമായ സംഘട്ടനങ്ങളും നേതൃത്വപരമായ ഗുണഗണങ്ങളും രാഷ്ട്രീയതന്ത്രങ്ങളും മാറ്റുരയ്ക്കപ്പെടുന്ന മഹാഭാരതയുദ്ധം തന്നെയായിരിക്കും വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്.
(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകനാണ് ഫോൺ : 9447145381)