ന്യൂഡൽഹി: പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ ഇക്കഴിഞ്ഞ ഡിസംബർ ത്രൈമാസത്തിൽ 31.83 ശതമാനം വർദ്ധനയോടെ 2,544.50 കോടി രൂപ ലാഭം കൈവരിച്ചു. 2017ലെ സമാന പാദത്തിൽ ലാഭം 1,930.10 കോടി രൂപയായിരുന്നു. വിപ്രോയുടെ മൊത്തം വരുമാനം 10.17 ശതമാനം വർദ്ധിച്ച് 15,059.50 കോടി രൂപയിലെത്തി. ഐ.ടിയിൽ നിന്നുള്ള മാത്രം വരുമാനം 13 ശതമാനം ഉയർന്ന് 14,665.60 കോടി രൂപയായി. 2017 ഒക്‌ടോബർ-ഡിസംബറിൽ ഇത് 12,978 കോടി രൂപയായിരുന്നു.
മികച്ച പ്രവർത്തനഫലത്തിന്റെ പിൻബലത്തിൽ ഓരോ മൂന്ന് ഓഹരിക്കും ഒന്നുവീതം ബോണസ് ഓഹരിയും വിപ്രോ പ്രഖ്യാപിച്ചു. രണ്ടുരൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും ഒരുരൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.