മെൽബൺ: ആസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി. ഫിനിഷിംഗ് മികവ് കൈവിട്ട് പോയിട്ടില്ലെന്ന് ധോണി തെളിയിച്ചതോടെ ആസ്ട്രേലിയ തോൽവിയുടെ പാതയിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. ആസ്‌ട്രേലിയ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. നാലു പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയുടെ മിന്നുന്ന വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്.
അർദ്ധസെഞ്ചുറി നേടിയ മഹേന്ദ്രസിംഗ് ധോണി, കേദാർ ജാദവ് എന്നിവരാണ് ഇന്ത്യയുടെ വിജയ റൺസ് അടിച്ചുകൂട്ടിയത്. ധോണി 87 റൺസ് ജാദവ് 61 റൺസോടെ പുറത്താവാതെ നിന്നു. രോഹിത് ശർമ (17 പന്തിൽ ഒൻപത്), ശിഖർ ധവാൻ (46 പന്തിൽ 23), വിരാട് കൊഹ്ലി (62 പന്തിൽ 46) എന്നിവരാണ് പുറത്തായത്. ഓസീസിനായി പീറ്റർ സിഡിൽ, മാർക്കസ് സ്റ്റോയ്നിസ്, ജേ റിച്ചാർഡ്സൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
മൂന്ന് മത്സര പരമ്പരയിലെ ആദ്യകളിയിൽ ആസ്ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയും. ആദ്യമത്സരത്തിൽ ചേസ് ചെയ്ത് ജയിക്കാൻ കഴിയാതിരുന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ ലക്ഷ്യം കടന്നപ്പോൾ മഹേന്ദ്രസിംഗ് ധോണി എന്ന യുവ നായകന്റെ തിരിച്ചുവരവ് കൂടിയായി അത്. 2018 ൽ ഒരു അർദ്ധ സെഞ്ച്വറിപോലും നേടാൻ കഴിയാതിരുന്ന ധോണി പുതുവർഷത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരിക്കുന്നു.