തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ 51 യുവതികളുടേതെന്ന പേരിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടിക അബദ്ധപഞ്ചാംഗമായതിന് കൂടുതൽ തെളിവുകൾ പുറത്ത്. പട്ടികയിൽ 21ആമത്തെ പേരിലുള്ള പരംജ്യോതി സ്ത്രീയാണെന്നാണ് പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ താൻ സ്ത്രീയായി മാറിയതിന്റെ ഞെട്ടലിലാണ് പരംജ്യോതി. പട്ടികയിൽ പറഞ്ഞിരിക്കുന്ന മറ്റ് വിവരങ്ങളെല്ലാം ശരിയാണെന്നും എന്നാൽ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്തിയപ്പോൾ തെറ്റിപ്പോയതായിരിക്കാമെന്നുമാണ് പരംജ്യോതിയുടെ പ്രതികരണം.
ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌ത് ദർശനം നടത്തിയ 51 പേരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചത്.എന്നാൽ കേരളത്തിൽ നിന്നുള്ള ആരുടെയും പേര് വിവരങ്ങൾ പട്ടികയിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് പട്ടികയിലെ പൊരുത്തക്കേടുകൾ പുറത്തുവരാൻ തുടങ്ങിയത്. പട്ടികയിലെ ആദ്യ പേരുകാരിയായ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ പദ്മാവതിക്ക് 48 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവർക്ക് 55 വയസാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ തെളിയിക്കുന്നുണ്ട്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് അമ്പത് വയസ് കഴിഞ്ഞുവെന്ന രേഖകളുമായി രംഗത്തെത്തിയത്. ഓൺലൈനായി അപേക്ഷ നൽകുമ്പോൾ തങ്ങൾ പ്രായം കുറച്ച് വച്ചതാണെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്. ഇത് വ്യക്തമായി പരിശോധിക്കാതെ സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചതാണ് സർക്കാരിന് വിനയായത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ സർക്കാരിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.