ps-sreedara-pillai

തിരുവനന്തപുരം: കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറയ്ക്കാനാണ് പിണറായി വിജയൻ സുപ്രീംകോടതിയിൽ നൽകിയ വ്യാജ സത്യവാങ്മൂലമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു.

വെർച്വൽ ക്യൂവിന് വേണ്ടി സി.പി.എം അണികൾ രജിസ്റ്റർ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണ് പിണറായി സർക്കാർ സുപ്രീം കോടതി ചോദിക്കാതെ വലിഞ്ഞ് കയറി സത്യവാങ്മൂലം എന്ന പേരിൽ നൽകിയത്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കാൻ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷ്യൽ ഓഫീസറായി സ്ഥിരമായി ഉണ്ട്. നിലവിലെ കാര്യങ്ങൾ പരശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുണ്ട്. ഇവർക്കൊന്നും നൽകാത്ത വിവരം പിണറായി സർക്കാർ സത്യവാങ്മൂലമായി നൽകിയത് പുന:പരശോധനാവിധിയെ സ്വാധീനിക്കാനാണ്. വിശ്വാസികളുടെ വികാരത്തെ പൊലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണം. തീക്കൊളളി കൊണ്ട് തല ചൊറിയരുത് . തന്റെ പിടിവാശി തീർക്കാൻ ഏത് അറ്റം വരെയും പിണറായി വിജയൻ പോകുമെന്നതിന്റെ തെളിവാണ് വ്യാജ സത്യവാങ്മൂലമെന്നും ശ്രീധരൻപിള്ള അരോപിച്ചു.