ജിയോയുടെ ലാഭം ₹831 കോടി
മുംബയ്: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ത്രൈമാസത്തിൽ 10,000 കോടി രൂപയ്‌ക്കുമേൽ ലാഭം രേഖപ്പെടുത്തിയ കമ്പനിയെന്ന നേട്ടം മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന് സ്വന്തം. 2018-19ലെ ഒക്‌ടോബർ-ഡിസംബർ ത്രൈമാസത്തിൽ 8.8 ശതമാനം കുതിപ്പോടെ 10,251 കോടി രൂപയുടെ ലാഭമാണ് കമ്പനി കുറിച്ചത്. 9,420 കോടി രൂപയായിരുന്നു തൊട്ടുമുൻ വർഷത്തെ സമാനപാദത്തിലെ ലാഭം.
വരുമാനം 55.9 ശതമാനം വർദ്ധിച്ച് 1.71 ലക്ഷം കോടി രൂപയായി. ക്രൂഡോയിൽ സംസ്‌കരണ ചെലവിലുണ്ടായ കുറവ് കഴിഞ്ഞപാദത്തിൽ മികച്ച നേട്ടം കൊയ്യാൻ റിലയൻസിന് സഹായകമായി. സെപ്‌തംബർ പാദത്തിലെ ബാരലിന് 9.5 ഡോളറിൽ നിന്ന് 8.8 ഡോളറിലേക്കാണ് ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജി.ആർ.എം) താഴ്‌ന്നത്. ടെലികോം വിഭാഗമായ റിലയൻസ് ജിയോ 65 ശതമാനം വർദ്ധനയോടെ 831 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. അതേസമയം, പ്രതി ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം 130 രൂപയിലേക്ക് നേരിയ തോതിൽ താഴ്‌ന്നു. 28 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ 1,512 കോടി രൂപ ലാഭം നേടി. 210 ശതമാനമാണ് വർദ്ധന.
നോട്ടം ഇ-കൊമേഴ്‌സിലേക്കും
ടെലികോം മേഖലയിൽ 'ജിയോ"യുടെ രൂപത്തിൽ വിപ്ളവം സൃഷ്‌ടിച്ച റിലയൻസ് ഇൻഡസ്‌ട്രീസ് ഇ-കൊമേഴ്‌സിലേക്കും ചുവടുവയ്‌ക്കുന്നു. റിലയൻസ് റീട്ടെയിലും ജിയോയും ചേർന്ന് ഇ-കൊമേഴ്‌സ് സംരംഭത്തിന് തുടക്കമിടുമെന്നും ഗുജറാത്തിലായിരിക്കും ആരംഭമെന്നും ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. വെബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മുകേഷിന്റെ പ്രഖ്യാപനം.