മീററ്റ്: കൊമ്പൻ മീശ ഒരു കാലത്ത് പൗരുഷത്തിന്റെ തന്നെ ലക്ഷണമായിരുന്നു. മീശ പിരിച്ച പൊലീസുകാരെ കണ്ടാൽ എത് വലിയ കള്ളനും ഒന്നു പേടിക്കും.കാലം മാറിയപ്പോൾ പൊലീസുകാരുടെ മീശ ഫാഷനും പോയി. എന്നാൽ ഉത്തർപ്രദേശ് പൊലീസ് ആ മീശക്കാലത്തേക്ക് തിരികെ പോകുകയാണ്. യു.പിയിൽ സ്‌പെഷ്യൽ ആംഡ് പോലീസ് സേനയിലെ കൊമ്പൻ മീശക്കാർക്ക് മീശ പരിപാലിക്കാൻ ഇനി 250 രൂപ പ്രതിമാസം നൽകും. കൊമ്പൻ മീശ കൊണ്ടു നടക്കുന്നതിനും പരിപാലിക്കുന്നതിനുമായി നൽകുന്ന തുക 400 ശതമാനം വർദ്ധിപ്പിക്കാൻ എ.ഡി.ജി ബിനോദ് കുമാർ സിംഗാണ് ഉത്തരവിട്ടത്.സംസ്ഥാനത്താകെ 33 സ്‌പെഷ്യൽ ആംഡ് ബറ്റാലിയനുകളിലെ 'കൊമ്പൻമാർക്കും' ഈ ആനുകൂല്യം ലഭിക്കും.
50 രൂപയാണ് മീശ പരിപാലിക്കാൻ നിലവിൽ പൊലീസുകാർക്ക് നൽകിയിരുന്നത്. ഇത് ബ്രിട്ടീഷ് ഭരണകാലം മുതൽ യു.പിയിലെ പൊലീസുകാർക്ക് കൊടുത്തിരുന്ന ആനുകൂല്യമാണ്.
ജനുവരിയിലാണ് ബിനോദ്കുമാർ സ്‌പെഷ്യൽ ആംഡ് സേനയുടെ തലപ്പത്തെത്തിയത്.'വലിയ മീശയുള്ള പൊലീസുകാരെ ഇപ്പോൾ സേനയിൽ കാണാറില്ല.കുംഭമേളയ്ക്കിടെ വലിയ മീശയുള്ള നാലഞ്ചു പോലീസുകാരെ കണ്ടതാണ് ഈ തീരുമാനത്തിന് പ്രേരണ നൽകിയതെന്നും ബിനോദ് കുമാർ പറഞ്ഞു. ബിനോദ് കുമാറിന്റെ നടപടി പ്രശംസനീയമാണെന്നാണ് പല പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞത്.
അതേസമയം ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുന്നുണ്ട്.മീശയെ ഒരു ഭീഷണിപ്പെടുത്തുന്ന അളവുകോൽ ആയാണ് കണക്കാക്കുന്നതെന്നും
മീശ വയ്ക്കുന്നതിന് വരെ കരം കൊടുത്തിരുന്ന നാട്ടിൽ ഇപ്പോൾ അങ്ങോട്ട് കാശ് കൊടുക്കുകയാണെന്നും ചിലർ പരിഹസിക്കുന്നു.