തിരുവനന്തപുരം : അസോസിയേഷൻ ഭരിക്കുന്നവരും സ്പോർട്സ് കൗൺസിൽ ഭരിക്കുന്നവരും തമ്മിലുള്ള അധികാരത്തർക്കത്തിൽ ഇൗ പാവം കുഞ്ഞുങ്ങൾ എന്തുപിഴച്ചു ?. പാറ്റ്നയിലെ കൊടുംതണുപ്പിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരളത്തിലെ കുഞ്ഞുങ്ങളാണ് സംസ്ഥാനത്തിന്റെ ട്രാക്ക് സ്യൂട്ടോ ജഴ്സിയോ കൂടാതെ കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്. ഒരു വർഷത്തോളമായി സംസ്ഥാന കബഡി അസോസിയേഷനെ സ്പെൻഡ് ചെയ്തിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതോടൊപ്പം സസ്പെൻഡ് ചെയ്ത വോളിബാൾ അസോസിയേഷനെ തിരിച്ചെടുക്കാൻ മുന്നിട്ടിറങ്ങിയ കൗൺസിൽ പക്ഷേ കബഡിയെ തിരിഞ്ഞുനോക്കാതിരുന്നതോടെ കഷ്ടത്തിലായത് കളിക്കാരാണ്.
കൗൺസിലിലെ കബഡികളി
ഭാരവാഹികൾക്കെതിരെ ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തോളം മുമ്പ് സംസ്ഥാന കബഡി അസോസിയേഷനെ സസ്പെൻഡ് ചെയ്തത്. ഇൗ പരാതികൾ വ്യാജമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയെങ്കിലും കൗൺസിൽ തുടരന്വേഷണം നടത്തിയില്ല. അതിനിടയിൽ അസോസിയേഷനിലെ ചില വിമതരെ ഒപ്പം ചേർത്ത് പുതിയ അസോസിയേഷൻ രൂപീകരിക്കാനുള്ള ശ്രമവും നടന്നു. കൗൺസിലിലെ ഉന്നതസ്ഥാനത്തിരിക്കുന്ന ചിലർക്ക് പ്രസിഡന്റ് സ്ഥാനം നൽകിയാൽ സസ്പെൻഷൻ അവസാനിപ്പിക്കാമെന്ന ഫോർമുല പക്ഷേ വിജയിച്ചില്ല.ഇതോടെ സസ്പെൻഷൻ നീണ്ടു. കളിക്കാരുടെ ഭാവിയിൽ ഉത്കണ്ഠപ്പെട്ട് വോളിബാൾ അസോസിയേഷനിലെ ഭാരവാഹികളോട് സമവായത്തിലെത്തിയ കൗൺസിൽ കബഡി താരങ്ങളുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ചു.
ഗ്രാന്റില്ലെങ്കിലും
കഴിഞ്ഞ മൂന്ന് വർഷമായി കബഡി അസോസിയേഷന് കൗൺസിൽ ഗ്രാന്റ് നൽകിയിട്ടില്ല. വിലക്കപ്പെട്ട അസോസിയേഷന്റെ ഭാരവാഹികൾ സ്വന്തം കയ്യിൽ നിന്ന് കാശെടുത്താണ് ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് ടീമിനെ അയയ്ക്കുന്നത്. ഗ്രാന്റ് നൽകില്ലെങ്കിലും ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് പോകുമ്പോൾ ടീമിന് കേരളത്തിന്റെ ജഴ്സിയും ട്രാക്ക് സ്യൂട്ടും നൽകിയിരുന്നു. അതാണ് ഇക്കുറി ഇല്ലാതെപോയത്.കഴിഞ്ഞ മാസം കാസർകോട്ട് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് കുട്ടികളോട് ഇൗ ചതികാട്ടിയത്.