ചെന്നൈ: ശബരിമലയിൽ 51 യുവതികൾ ദശനം നടത്തിയെന്ന് അവകാശപ്പെട്ട് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ശബരിമല ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തപ്പോൾ പ്രായം കുറച്ചെഴുതിയത് ഇന്റർനെറ്റ് കഫേയിലെ ജീവനക്കാരനാണെന്ന് സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ട ചെന്നൈ സ്വദേശി ഷീല പറഞ്ഞു. തന്റെ യഥാർത്ഥ പ്രായം 52 വയസാണെന്നും 50 വയസിൽ താഴെയുള്ളവർ ശബരിമലയിൽ പോകുന്നത് തെറ്റാണെന്നറിയാമെന്നും അവർ പറയുന്നു.
തിരിച്ചറിയൽ രേഖകളുമായാണ് വിർച്വൽ ക്യൂവിൽ ദശനത്തിന് രജിസ്റ്റർ ചെയ്യാൻ ഇന്റർനെറ്റ് കഫേയിൽ എത്തിയത്. പ്രായം കുറച്ചെഴുതിയത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ദർശനത്തിന് പോകുമ്പോൾ പൊലീസിനെ തിരിച്ചറിയൽ രേഖ കാണിച്ചാൽ മതിയെന്നാണ് കഫേയിൽ നിന്നറിയിച്ചതെന്ന് ഷീലയും ഭർത്താവും പറയുന്നു.
ഇതേത്തുടർന്ന് ശരംകുത്തിയിഷ എത്തിയപ്പോൾ പൊലീസിനെ തിരിച്ചറിയൽ രേഖകൾ കാണിച്ച് വിവരങ്ങൾ അറിയിച്ചു. തുടർന്ന് ഇവർക്ക് മലകയറാൻ അനുവാദം നൽകി. എന്നാൽ അവിടെ പൊലീസ് പ്രായം ശരിയായി രേഖപ്പെടുത്തിയില്ലെന്നും അവർ ആരോപിച്ചു. യഥാർത്ഥ പ്രായം പറഞ്ഞിട്ടും തിരുത്തിയില്ലെന്നും ചോദിച്ചപ്പോൾ അതൊന്നും അറിയേണ്ടെന്ന് മറുപടി നൽകിയെന്നും ഷീല പറയുന്നു.
ഷീലയുൾപ്പെടെ എട്ട് പേരാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. ഇവരുടെ ഭർത്താവിന്റെ പ്രായവും ഇന്റർനെറ്റ് കഫേയിൽ നിന്ന് കുറച്ചാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂടെയുള്ള മറ്റൊരു സ്ത്രീയുടെ പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഇവർവ്യക്തമാക്കി. പ്രായം തെറ്റായി രേഖപ്പെടുത്തിയതാണ് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാൻ കാരണമായത്.