tax

തിരുവനന്തപുരം: സ്വർണാഭരണ വ്യവസായ മേഖലയിലെ നികുതി വെട്ടിപ്പും കള്ളക്കടത്തും തടയുക, നികുതി നൽകിയുള്ള വ്യാപാരം പ്രോത്‌സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള വ്യാപക പ്രചാരണത്തിന് തുടക്കമിടാൻ സ്വർണാഭരണ വ്യാപാര സംഘടനകളുടെ കൂട്ടായ്‌മയായ കേരള ജുവലേഴ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

ജി.എസ്.ടി പ്രകാരം കേരളത്തിൽ പ്രതിവർഷം 40,000 കോടി രൂപയുടെ സ്വർണ വ്യാപാരം നടക്കുന്നുണ്ട്. എന്നാൽ, അനധികൃത മേഖലയിൽ രണ്ടുലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അനധികൃത മേഖലയ്‌ക്കെതിരെ ഉദ്യോഗസ്ഥർ ചെറുവിരൽ അനക്കുന്നില്ലെന്ന് കോ-ഓർഡിനേഷൻ കമ്മിറ്രി ആരോപിച്ചു. കാലഹരണപ്പെട്ട വാറ്ര് കുടിശിക പിരിക്കാനാണ് ഉദ്യോഗസ്ഥർക്ക് താത്പര്യം.

അനധികൃത മേഖലയെ കൂടി നികുതിയുടെ പരിധിയിൽ കൊണ്ടുവന്നാൽ 6,000 കോടിയോളം രൂപ സർക്കാരിന് നികുതിയായി ലഭിക്കും. ഒരുകിലോ സ്വർണം കള്ളക്കടത്ത് നടത്തുന്നവർക്ക് നികുതിയിൽ മാത്രമുണ്ടാകുന്ന ലാഭം നാലുലക്ഷം കോടിയോളം രൂപയാണ്. അത് വർദ്ധിപ്പിച്ചു കൊടുക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.പി. അഹമ്മദ്, കോ-ഓർഡിനേറ്റർ എസ്. അബ്‌ദുൾ നാസർ, ഭാരവാഹികളായ ബാബു എം. ഫിലിപ്പ്, സുരേന്ദ്രൻ കൊടുവള്ളി, ഷാജു ചിറയത്ത്, സാബു തോമസ്, എം.എസ്. സുഹാസ് എന്നിവർ സംസാരിച്ചു.