ശബരിമല : ശബരിമലയിൽ എത്തുന്ന ഭക്തരെ സംബന്ധിക്കുന്ന വിവരങ്ങൾ ദേവസ്വം ബോർഡ് ശേഖരിക്കാറില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്. 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് ദേവസ്വം ബോർഡിന്റെ കൈവശം കണക്കുകളോ തെളിവുകളോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവരങ്ങൾ ശേഖരിക്കുന്നത് പൊലീസിന്റെയും സർക്കാരിന്റെയും ജോലിയാണ്. വിവരം കൊടുത്തവർക്ക് മാത്രമേ അത് അറിയുകയുള്ളൂവെന്നും എന്ത് ആസ്പദമാക്കിയാണ് വിവരം നൽകിയെന്ന് അറിയില്ലെന്നും ശങ്കരദാസ് പറഞ്ഞു.
എന്നാൽ സർക്കാരിന്റെ കണക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. യഥാർത്ഥ ഭക്തർ ഇവിടെ വന്നു തൊഴുത് വഴിപാടും നടത്തിപോകും. അവരെ ആരും അറിയില്ല. കണക്കെടുക്കാൻ ദേവസ്വം ബോർഡിന് സംവിധാനങ്ങൾ ഒന്നുമില്ല. സർക്കാർ പട്ടിക പ്രകാരം സുപ്രീം കോടതി വിധി നടപ്പായി എന്നാണു കരുതേണ്ടത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഇവിടെവരാമെന്നും ദർശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.