ബെംഗളൂരു: കർണാടകയിൽ അധികാരം പിടിക്കാൻ ബി.ജെ.പിയും അത് തടയാൻ കോൺഗ്രസും ദളും പോരാട്ടം തുടരുന്നു. വിധാൻ സൗധയിൽ ഇന്ന് നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത 75 എം.എൽ.എമാരെയും റിസോർട്ടിലേക്ക് മാറ്റി. കോൺഗ്രസിന്റെ 80 എം.എൽ.എമാരിൽ സ്പീക്കർ ഒഴികെ 75 എം.എൽ.എമാരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. നാല് വിമത എം.എൽ.എമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
യോഗത്തിന് ശേഷം 75 എം.എൽ.എമാരെയും രണ്ട് ടൂറിസ്റ്റ് ബസുകളിലാണ് ബിദഡിയിലെ റിസോർട്ടിലേക്ക് മാറ്റിയത്. കർണാടക പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എം.എൽ.എമാർക്കൊപ്പം ഉണ്ട്. എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയാൽ കൂടുതൽ പേർ കളംമാറുന്നത് തടയാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ഭരണപ്രതിസന്ധിക്കിടെയാണ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്നത്. വിപ്പുണ്ടായിട്ടും വിമതരായ നാല് എം.എൽ.എമാരും പങ്കെടുക്കാനെത്തിയില്ല. ഇതിൽ ഉമേഷ് യാദവും ബി. നാഗേന്ദ്രയും വരാത്തതിന് കാരണം ബോധിപ്പിച്ചിരുന്നു. എന്നാൽ മുൻമന്ത്രി രമേഷ് ജർക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനിന്നു.