india

മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആസ്ട്രേലിയയെ 7 വിക്കറ്റിന് കീഴടക്കി

ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ആദ്യമായി ഏകദിന പരമ്പര (ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള)

സ്കോർ ബോർഡ് ആസ്ട്രേലിയ 230/10 (48.4 ഓവർ), ഇന്ത്യ 234/3 (49.2 ഓവർ)

മെൽബൺ: പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് എം.എസ്. ധോണിയും ക്ലാസിക്ക് ഇന്നിംഗ്സുമായി കേദാർ ജാദവും മാസ്‌മര സ്‌പിന്നുമായി യൂസ്‌വേന്ദ്ര ചഹാലും നിറഞ്ഞാടിയ മൂന്നാം ഏകദിനത്തിൽ ആസ്ട്രേലിയയെ 7 വിക്കറ്രിന് കീഴടക്കി ഇന്ത്യ ചരിത്രമെഴുതി. ഈ ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യമായാണ് ആസ്ട്രേലിയയിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏകദിന പമ്പര ഇന്ത്യ സ്വന്തമാക്കുന്നത്.

ബാറ്രിംഗ് ഏറെ ദുഷ്കരമായ എം.സി.ജിയിലെ പിച്ചിൽ ചഹാലിന്റെ സ്പിന്നിന് മുന്നിൽ കറങ്ങി വീണ ആദ്യം ബാറ്ര് ചെയ്ത ആതിഥേയർ 48.4 ഓവറിൽ 230 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെ ബാറ്ര് ചെയ്ത് നാല് പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യത്തിലെത്തി. 87 റൺസുമായി പുറത്താകാതെ നിന്ന എം.എസ്.ധോണിയും 61 റൺസുമായി നോട്ടൗട്ടായ കേദാർ ജാദവും തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. ക്യാപ്ടൻ വിരാട് കൊ‌ഹ്‌ലിയും (46)​ ബാറ്ര് കൊണ്ട് ഇന്ത്യൻ വിജയത്തിന് നിർണായക സംഭാവന നൽകി. ഇന്ത്യയ്ക്കായി ആൾ റൗണ്ടർ വിജയ് ശങ്കർ അരങ്ങേറ്റം നടത്തി.

നേരത്തേ ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ആസ്ട്രേലിയയെ കരിയർ ബെസ്റ്റ് പ്രകടനവുമായി കളം നിറഞ്ഞ ചഹാൽ മൂക്ക് കയറിടുകയായിരുന്നു. 10 ഓവറിൽ 42 റൺസ് നൽകിയാണ് ചഹാൽ 6 വിക്കറ്റ് നേടിയത്. ആസ്ട്രേലിയൻ മണ്ണിൽ ഏകദിനത്തിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമെന്ന നേട്ടം അജിത്ത് അഗാർക്കൊപ്പം പങ്കിടുവാനും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വാട്ടർ ബോയിയായ ചഹാലിനായി. 2004ൽ മെൽബണിൽ തന്നെയായിരുന്നു അഗാർക്കർ 42 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയത്. 2 വിക്കറ്റ് വീതം നേടിയ ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും തങ്ങളുടെ റോളും ഭംഗിയാക്കി. കാരെയ്‌യെ (5) കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് ഭുവനേശ്വർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. അധികം വൈകാതെ ഓസീസ് നായകൻ ഫിഞ്ച് (14) തുടർച്ചയായ മൂന്നാം തവണയും ഭുവനേശ്വറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ആദ്യ രണ്ട് ഏകദിനങ്ങളിലും ഫിഞ്ചിന്റെ കുറ്രിതെറിപ്പിച്ച ഭുവി ഇന്നലെ അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച ഖവാജയും (34), ഷോൺ മാർഷും (39) അല്പ നേരം പിടിച്ചു നിന്നെങ്കിലും ചഹാൽ പന്തെടുത്തതോടെ പതറുകയായിരുന്നു.ഇരുവരെയും ഒരോവറിൽ പുറത്താക്കി ചഹാൽ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഖവാജയെ ചഹാൽ തന്നെ പിടികൂടിപ്പോൾ മാർഷിനെ ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു.ഓസീസിന്റെ ടോപ് സ്കോററായ ഹാൻഡ്സ്കോമ്പ് (58),സ്റ്റോയിനിസ് (10), റിച്ചാർഡ്സൺ (16), സാംപ (8) എന്നിവരാണ് ചഹാലിന്റെ മറ്റിരകൾ. ആഞ്ഞടിക്കാൻ ശ്രമിച്ച മാക്സ്‌വെല്ലിനെ (19 പന്തിൽ 26) ഷമി ഭുവിയുടെ കൈയിൽ എത്തിച്ചു. പതിനൊന്നാമൻ സ്റ്റാൻലേക്കിനെ (0) ക്ലീൻ ബൗൾഡാക്കിയ ഷമി തന്നെയാണ് ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടത്.

ഓസീസുയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയും ജാഗ്രതയോടെയാണ് തുടങ്ങിയത്. രോഹിത് (7) സിഡിലിന്റെ പന്തിൽ മാർഷിന് ക്യാച്ച് നൽകി മടങ്ങി. ധവാനെ (23) സ്റ്റോയിനിസ് സ്വന്തം ബൗളിംഗിൽ പിടികൂടി. തുടർന്ന് കൊഹ്‌ലിയും ധോണിയും മൂന്നാം വിക്കറ്റിൽ 54റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ നൂറ് കടത്തി.കൊഹ്‌ലിയെ കാരേയുടെ കൈയിൽ എത്തിച്ച് റിച്ചാർഡ്സണാണ് കൂട്ടുകെട്ട് തകർത്തത്. പരമ്പരയിൽ മൂന്നാം തവണയാണ് റിച്ചാർഡ്സണിന് മുന്നിൽ കൊ‌ഹ്‌ലി കീഴടങ്ങുന്നത്. പിന്നീട് അമ്പാട്ടി റായ്ഡുവിന് പകരം അവസരം ലഭിച്ച കേദാറും ധോണിയും മാച്ച് വിന്നിംഗ് കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. ഭേദിക്കപ്പെടാത്ത നാലാം വിക്കറ്റിൽ ഇരുവരും 121 റൺസ് കൂട്ടിച്ചേർത്തു.

ധോണിയുടെ ക്യാച്ച് തുടക്കത്തിലേ മാക്സ്‌വെൽ വിട്ടുകളഞ്ഞതിന് ഓസീസ് കനത്ത വില നൽകേണ്ടി വരുകയായിരുന്നു.