കഴിഞ്ഞ ചില വർഷങ്ങൾ ധോണിക്ക് അത്ര നല്ല കാലമായിരുന്നില്ല. പ്രത്യേകിച്ച് കഴിഞ്ഞ വർഷം. 2018ൽ ഒരോറ്റ അർദ്ധശതകം പോലും തന്റെ പേരിൽ കുറിക്കാൻ മുൻ ഇന്ത്യൻ നായകനായില്ല. യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ കൂടിയായപ്പോൾ എല്ലാ കോണിൽ നിന്നും അയാളുടെ വിരമിക്കലിനായി അളുകൾ മുറവിളി കൂട്ടി. വിമർശിക്കുന്നവർക്ക് അവരുടേതായ ന്യായങ്ങൾ ഉണ്ടായിരുന്നു താനും. 37 വയസുകാരനായ ധോണിയെ വെല്ലുന്ന പ്രകടനങ്ങളുമായി റിഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങൾ വരവറിയിച്ച് കഴിഞ്ഞിരുന്നു. ലോകകപ്പ് നടക്കുന്ന വർഷമായ 2019ൽ വികാരങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല. അതിനാൽ തന്നെ ആസ്ത്രേലിയയിൽ വച്ച് നടന്ന ഈ ഏകദിന പരമ്പര അക്ഷരാർത്ഥത്തിൽ ധോണിയുടെ മുൻപോട്ടുള്ള പ്രയാണത്തിന്റെ വിലയിരുത്തലായാണ് ക്രിക്കറ്റ് പണ്ഡിതന്മാർ ഉൾപ്പെടെ ഉള്ളവർ നോക്കി കണ്ടിരുന്നത്.
മറ്റൊരു ശരാശരി പ്രകടനം പ്രതീക്ഷിച്ചവർക്കുള്ള മറുപടി തന്നെയായി മാറി എം.എസ്.ഡിയുടെ പ്രകടനം. മൂന്നിൽ രണ്ട് കളി ജയിച്ച് ഇന്ത്യ കപ്പുയർത്തി ചരിത്രമെഴുതിയപ്പോൾ ബാറ്റ് കൊണ്ടും വിക്കറ്റിനു പിറകിലെ പ്രകടനം കൊണ്ടു മുൻ ക്യാപ്റ്റന്റെ പരിചയസമ്പത്ത് കൊണ്ടും ധോണി ഇന്ത്യയുടെ വിജയശില്പിയായി. ധോണിയുടെ പ്രകടനത്തിന് അംഗീകാരമായി പരമ്പരയിലെ മികച്ച താരമായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. മൂന്ന് കളികളിൽ നിന്ന് മൂന്ന് അർദ്ധശതകങ്ങളുമായി ധോണി കളം നിറഞ്ഞു. പിന്തുടർന്ന് ജയിച്ചിട്ടുള്ള കളികളിൽ ധോണിയോളം മികച്ച ശരാശരിയുള്ള വേറെ ഇന്ത്യൻ കളിക്കാരനില്ല. 73 ഇന്നിംഗ്സുകളിലായി 103.07 റൺസ് ശരാശരിയിൽ 2783 റൺസ് ആണ് പിന്തുടർന്ന് ജയിച്ച കളികളിൽ ധോണിയുടെ ശരാശരി.
ധോണിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യക്കും അദ്ദേഹത്തെ അകമഴിഞ്ഞ് പിന്തുണച്ച ആരാധകർക്കും ആശ്വാസമാണ്. ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ ധോണി കളിക്കാൻ തന്നെയാണ് എല്ലാ സാധ്യതയും. ധോണിയുടെ പരിചയസമ്പത്തിനോടൊപ്പം ഈ ഫോമും ഉണ്ടെങ്കിൽ ഇന്ത്യയെ തോൽപ്പിക്കുക ലോകത്തെ ഏതൊരു ടീമിനും കഷ്ടമാകും. പണ്ട് വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ സമ്പാധിച്ച് പിന്നെ ക്യാപ്റ്റനായി വിസ്മയിപ്പിച്ച ധോണിക്ക് ഇനി കരിയറിൽ അധിക കാലമില്ല. ഒരു പക്ഷെ ആസ്ത്രേലിയയിൽ ധോണി കളിച്ച അവസാന മത്സരം ആയേക്കും മെൽബണിലേത്. അത് പരമാവധി ഭംഗിയാക്കാൻ തന്നെ അദ്ദേഹത്തിന് സാധിച്ചു. കരിയറിലെ പല വിവാദ തീരുമാനങ്ങളിലൂടെ ആരാധകർക്കൊപ്പം ഒരുപാട് വിരോധികളെയും എം.എസ്. ധോണി സമ്പാധിച്ചു. തന്റെ വീഴ്‌ച കാണാൻ കൊതിച്ചു നിന്നവർക്ക് അതേ നാണയത്തിൽ മറുപടി, എം.എസ്.ഡിയുടെ സ്വതസിദ്ധ ശൈലിയിൽ.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവ് തന്നെയാകട്ടെ ഇതെന്ന് പ്രത്യാശിക്കാം.