മലപ്പുറം: കോമഡി റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡെയിൻ ഡേവിസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലായിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇതൊരു കോമഡി വീഡിയോ ആയിരുന്നില്ലെന്ന് മാത്രം. കഴിഞ്ഞ ദിവസം മലപ്പുറത്തെ ബ്ലോസം കോളേജിൽ ആർട്സ് ഡേ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ആരവങ്ങളോടെ വിദ്യാർത്ഥികൾ ഡെയിനിനെ വേദിയിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.
വേദിയിൽ സംസാരിക്കുന്ന താരത്തിനെതിരെ ചീറിയടുക്കുന്ന കോളേജ് പ്രിൻസിപ്പളെയാണ് വീഡിയോയിൽ കാണുന്നത്. ഇതെന്റെ കോളേജാണ് ..ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് എന്നു പറഞ്ഞ് ഡെയിനിനോട് പുറത്ത് പോകാൻ ആക്രോശിച്ചു. കുറച്ച് നേരത്തേക്ക് കാര്യങ്ങളൊന്നും ഡെയിൻ ഡേവിസിന് മനസിലായില്ല. വീണ്ടും പ്രിൻസിപ്പളാണെന്ന് പറഞ്ഞ് രംഗത്ത് വന്നതൊടെ ഡെയിൻ പൊട്ടിത്തെറിച്ചു തുടർന്ന് സിനിമ ഡയലോഗിനെ വെല്ലുന്ന ഒരു മറുപടിയും 'പ്രിൻസിപ്പൾ സ്റ്റുഡൻസിന്; എനിക്കല്ല'. കയ്യടിയും ആരവങ്ങളോടും കൂടിയാണ് വിദ്യാർത്ഥികൾ ഈ മറുപടിയെ എതിരേറ്റത്.
വീഡിയോ സോഷ്യൽ മീഡിയയിലൂടെ പെട്ടെന്ന് തന്നെ വെെറലായി. കോളേജ് പ്രിൻസിപ്പാളിനെതിരെ നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്ത് വന്നത്. കോളേജ് വിദ്യാർത്ഥികളും പ്രിൻസിപ്പാളും തമ്മിൽ ആർട്സ് ഡേയ്ക്ക് ധരിക്കുന്ന ഡ്രസ് കോഡുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. എന്നാൽ വിദ്യാർത്ഥികൾ അത് വകവയ്ക്കാതെ ഒരേ ഡ്രസ് കോഡിൽ വന്നതോടെ പ്രിൻസിപ്പൾ പ്രകോപിതനാകുകയായിരുന്നു.