karnataka
KARNATAKA

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ദൾ സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തുടരുന്നതിനിടെ കോൺഗ്രസ് തങ്ങളുടെ 75 എം.എൽ.എമാരെ ബംഗളൂരുവിന് സമീപമുള്ള റിസോർട്ടിലേക്ക് മാറ്റി. കോൺഗ്രസ്​-ദൾ​ പക്ഷത്തു നിന്ന്​ അടർത്തിയെടുത്ത രണ്ട്​ സ്വതന്ത്രർ തിരികെ എത്തിയെങ്കിലും ഇന്നലെ രാവിലെ മുതൽ നാല് കോൺഗ്രസ് എം.എൽ.എമാരെ കാണാനില്ലായിരുന്നു. ഇന്നലെ വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗത്തിൽ 79 കോൺഗ്രസ് എം.എൽ.എമാരിൽ 75 പേർ മാത്രമാണ് പങ്കെടുത്തത്.

അതേസമയം യോഗത്തിനെത്താത്ത നാല് എം.എൽ.എമാരിൽ രണ്ടുപേർ പാർട്ടിക്കൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. ഉമേഷ് യാദവ്, രമേശ് ജർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരെയാണ് കാണാതായത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിനാൽ ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, ബി. നാഗേന്ദ്ര എന്നീ എം.എൽ.എമാർ കോൺഗ്രസ് നേതൃത്വവുമായി ശീതയുദ്ധത്തിലായിരുന്നു. ഇവരെ മുംബയിലെ ഹോട്ടലിലെത്തി ബി.ജെ.പി എം.പി സഞ്ജയ് രാമചന്ദ്ര പാട്ടീൽ കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്.

ബി. നാഗേന്ദ്രയും ഉമേഷ് യാദവുമാണ് കാരണം ബോധിപ്പിച്ചത്. കാരണം കാണിക്കാതെ യോഗത്തിൽ നിന്ന് വിട്ടുനിന്ന രമേഷ് ജർകിഹോളിക്കും മഹേഷിനും കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മും​ബയി​ൽ ബി.​ജെ.​പി​യു​ടെ ത​ട​വി​ലെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ട്ട ര​ണ്ടു എം.​എ​ൽ.​എ​മാ​രായ ഭീ​മ നാ​യി​ക്, ബ​സ​ൻ​ഗൗ​ഡ ദ​ഡ്​​ഡാ​ൽ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നു. ബി.ജെ.പിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്ന് നിയമസഭാകക്ഷി യോഗത്തിനുശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും മുഖത്തേറ്റ അടിയാണിത്. 50 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്താണ് ഭരണപക്ഷത്തെ എം.എൽ.എമാരെ അവർ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് നിയമസഭാ കക്ഷിയോഗം ബംഗളൂരുവിൽ നടന്നത്. സിദ്ധരാമയ്യയ്ക്കു പുറമേ മല്ലികാർ‌ജുൻ ഖർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.