social-media-

തിരുവനന്തപുരം: അമ്മയുടെ ആ കൈയൊന്ന് ചേർത്ത് പിടിച്ചാൽ അറിയാം വയലിൽ ഞാറു നട്ടതിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര്,​ അപ്പോൾ ആ അമ്മയുടെ സന്തോഷത്തിന് ഒരു മകൻ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ. കൂലിപ്പണി ചെയ്ത് തന്നെ വളർത്തിയ അമ്മയ്ക്ക് മാദ്ധ്യമപ്രവർത്തകനായ മകൻ ജയേഷ് പൂക്കോട്ടൂരാണ് തന്റെ കല്യാണത്തിന്റെ പിറ്റേദിവസം വൻ സർപ്രൈസ് നൽകിയത്.

കഴിഞ്ഞദിവസമായിരുന്നു തിരുവനന്തപുരത്ത് വച്ച് ജയേഷിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ്

ബന്ധുക്കളുമൊത്ത് തിരിച്ച് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് ബസുകയറാൻ നിൽക്കുകയായിരുന്നു. അമ്മയും. ബസിൽ കയറാൻ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്ലൈറ്റിൽ പോകാം എന്ന് ജയേഷ് പറഞ്ഞത്. ഇത് കേട്ട അമ്മ ശരിക്കും ഷോക്കടിച്ച പോലെയായെന്ന് ജയേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഐ.ഡി. കാർഡ് വേണ്ടേ എന്ന ബന്ധുക്കളുടെ സംശയത്തിന് കഴിഞ്ഞ പ്രാവശ്യം വീട്ടിൽ വന്നപ്പോഴേ അത് അടിച്ചുമാറ്റിയ കാര്യവുംമകൻ വെളിപ്പെടുത്തി.

ആദ്യം കുറച്ചുപേടിയൊക്കെയുണ്ടായിരുന്നുവെങ്കിലും താനും അമ്മയുടെ പുതിയ മരുമകൾ ആര്യയും ചേർന്ന് അതൊക്കെ മാറ്റിയെന്ന് ജയേഷ് പറഞ്ഞു. അങ്ങനെ മകനും മരുമകൾക്കുമൊപ്പം അമ്മയും ഒരുമണിക്കൂർ കോഴിക്കോട്ടേക്ക് പറന്നു.