ദക്ഷിണേന്ത്യൻ സിനിമാ താരവും മോഡലുമായ താരം രാകുൽ പ്രീത് സിങിനെ അധിക്ഷേപിക്കുന്ന തരത്തിൽ ട്വിറ്ററിൽ കമെന്റിട്ട ആരാധകനെതിരെ താരം രംഗത്ത്. ട്വിറ്ററിൽ കമെന്റിട്ട ആരാധകന് ചുട്ട മറുപടിയുമാണ് താരം നൽകിയത്. ജീൻസ് ഷർട്ടും ഷോർട്സും ധരിച്ചു കാറിൽ നിന്ന് ഇറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമെന്റാണ് താരത്തെ ക്ഷുഭിതയാക്കിയത്.
'കാറിലെ സെഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്സ് ഇടാൻ മറന്നു'. എന്ന അശ്ലീലച്ചുവയുള്ള കമെന്റാണ് ഒരാൾ ഇട്ടത്. ഇതിനെതിരെ ശക്തമായി മറുപടി നൽകിക്കൊണ്ട് താരം രംഗത്തെത്തി. ‘എനിക്ക് തോന്നുന്നു കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ലതുപോലെ അറിയാമെന്ന് . അതുകൊണ്ടായിരിക്കും താങ്കളിതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല,’ എന്നായിരുന്നു രാകുൽ പ്രീതിന്റെ മറുപടി.
കമെന്റിന് മറുപടി കൊടുത്ത താരത്തിന് അഭിന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. എന്നാൽ താരത്തിന്റെ മറുപടി അൽപം കൂടിപ്പോയതായി പല ഭാഗത്തു നിന്നും വിമർശനമുയർന്നു. ഒരു വ്യക്തിയെ വിമർശിക്കുമ്പോൾ അവരുടെ അമ്മയെ പരാമർശിക്കുന്നത് ശരിയല്ലെന്ന് ചിലർ പറയുന്നു. തെറ്റ് ചെയ്തതിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനാണെന്നും ചോദിക്കുന്നു. എന്നാൽ വിമർശകരൂടെ വായടപ്പിച്ച് രാകുൽ പ്രീത് രംഗത്ത് വന്നു. ‘ഇത്തരം ആളുകൾക്കും ഒരു കുടുംബമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുന്നതിനാണ് ആ വാക്കുകൾ ഉപയോഗിച്ചത്. സ്വന്തം കുടുംബത്തിലെ ആൾക്കാരോട് ഈ രീതി ചെയ്താൽ എങ്ങനെ തോന്നും. ആ കമന്റ് കണ്ടാൽ അയാളുടെ അമ്മ മുഖത്തു നോക്കി ഒന്നു കൊടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാകുൽ വ്യക്തമാക്കി.