പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവം കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഒരുദിവസം ബാക്കി നിൽക്കെ ശബരിമലയിൽ യുവതികളുടെ വൻസംഘം എത്തുമെന്ന് സൂചന. നട അടയ്ക്കുന്ന ഞായറാഴ്ചയ്ക്ക് മുമ്പ് ശബരിമലയിലേക്ക് സംഘങ്ഹളായി യുവതികൾ എത്തിയേക്കും എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്.
അതിനിടെ ശബരിമലയിൽ അവസാന ദിവസങ്ങളിൽ യുവതീപ്രവേശനം തടയുന്നതിന് വേണ്ടി സംഘപരിവാർ പ്രവർത്തകർ കൂട്ടമായി എത്തുന്നുണ്ട്. ചലോ ശബരിമല ആഹ്വാനവുമായാണ് ആർ.എസ്.എസ് സംഘം ശബരിമലയിലേക്ക് എത്തുന്നത്. സുപ്രിംകോടതി വിധി അനുസരിച്ച് ശബരിമലയിൽ 51 യുവതികൾ കയറിയിട്ടുണ്ട് എന്ന് സർക്കാർ ഇന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് യുവതികൾ വീണ്ടും ശബരിമലയിലേക്ക് വരുന്നതായുള്ള വാർത്തകൾ.
നാളെ യുവതികളുടെ പുതിയ സംഘം എത്തുമെന്നും സൂചനയുണ്ട്. കനകദുർഗയും ബിന്ദുവും അടക്കമുളളവരെ ശബരിമലയിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും തമിഴ്‌നാട്ടിലെ മനിതി സംഘടനയും ചേർന്നാണ് സ്ത്രീകളെ എത്തിക്കുന്നതെന്നാണ് വാർത്ത. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇരുപതോളം യുവതികൾ ശനിയാഴ്ച മല ചവിട്ടാനെത്തും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രേഷ്മ നിഷാന്ത്, ഷാനില എന്നീ യുവതികൾ അയ്യപ്പദർശനത്തിന് ശ്രമം നടത്തിയെങ്കിലും പ്രതിഷേധം മൂലം മല കയറാൻ സാധിച്ചിരുന്നില്ല.