ഓയൂർ: തകർന്നു പോയ ചാതുർവർണ്യത്തിന്റെ അസ്ഥികൂടം പെറുക്കിയെടുത്ത് അത് വീണ്ടും നമ്മുടെ മേൽ അടിച്ചേല്പിക്കാൻ സവർണവിഭാഗം നടത്തുന്ന ശ്രമം ഒരുമിച്ച് നിന്ന് ചെറുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 5279-ാം നമ്പർ കൈതയിൽ ഗുരുസ്മാരക ശാഖാ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണവും പുതിയ ശാഖാമന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ഉണർന്ന് പ്രവർത്തിക്കേണ്ട കാലം ആസന്നമായിരിക്കുന്നു. ജാതിയും മതവും പറഞ്ഞ് നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന അവസ്ഥയാണ്. ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ടാൽ ജാതിയുടെ പേരിൽ തന്നെ സംഘടിച്ച് അത് തിരിച്ചുവാങ്ങാൻ തയ്യാറാകണം.
വോട്ടു ബാങ്കുകളെ തൃപ്തിപ്പെടുത്താനാണ് നാലര വർഷം വരെ പമ്മിയിരുന്ന ശേഷം 18 ശതമാനം മാത്രം വരുന്ന മുന്നാക്കക്കാർക്ക് മോദി സർക്കാർ സംവരണം ഏർപ്പെടുത്തിയത്. പച്ചയായ വോട്ടായതുകൊണ്ടാണ് സാമ്പത്തിക സംവരണത്തിനെതിരു നിന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും ഇതിനെ എതിർക്കാത്തത്. സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നാക്കം നിൽക്കുന്നവർക്ക് കണക്ക് നോക്കാതെ കൊടുത്തത് സാമൂഹിക നീതി നിഷേധവും 82 ശതമാനം വരുന്ന പിന്നാക്കക്കാരോടുള്ള വഞ്ചനയും കൊലച്ചതിയുമാണ്. പിന്നാക്കക്കാരെ പിന്നിലേക്കടിച്ച് ഭിത്തിയിൽ ചേർത്ത് ആണിയടിക്കുന്ന അവസ്ഥയാണ്. പ്രതികരണശേഷി ഇല്ലത്തതാണ് ഇതിനെല്ലാം കാരണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.