റിയാദ്: സൗദിയിൽ നടന്ന വ്യാപക റെയ്ഡിൽ മലയാളികളും സ്ത്രീകളും ഉൾപ്പെടെ അൻപതിലേറെപ്പേർ അറസ്റ്റിലായി. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 16 പേർ മലയാളികളാണ്. ദമ്മാം, ജുബൈൽ, ഖത്തീഫ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇന്ത്യക്ക് പുറമെ പാക്കിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടിങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 150ഓളം ഇന്ത്യക്കാർ ഇത്തരം കേസുകളുടെ പേരിൽ ഇതുവരെ സൗദിയിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളി ക്യാമ്പുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് അധികൃതർ പ്രധാനമായും പരിശോധന നടത്തിയത്. മദ്യം സ്വയംവാറ്റി ഉപയോഗിക്കുകയോ വില്പന നടത്തുകയോ ആയിരുന്നു ഇവർ ചെയ്തിരുന്നത്.
മറ്റ് രാജ്യങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ളവയുടെ ഉപയോഗത്തിന് വധശിക്ഷ ഉൾപ്പെടെ കടുത്ത നടപടികളാണ് സൗദി നിയമപ്രകാരം ലഭിക്കുന്നത്.