തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ ജയിലിലായ ശബരിമല കർമ്മ സമിതി പ്രവർത്തകരുടെ മോചനത്തിനായി വിശ്വാസികളിൽ നിന്ന് സംഭാവന സ്വരൂപിക്കാൻ കർമ്മസമിതി നേതാവും ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയുമായ കെ.പി ശശികല രംഗത്തെത്തിയിരുന്നു.
വിവിധ കേസുകളിലായി പതിനായിരത്തിൽപരം പേർ പേര്‍ ശിക്ഷിക്കപ്പെടുകയാണെന്നും ഇവരെ രക്ഷിക്കണമെന്നും ഇതിനായി എല്ലാവരും നൂറ് രൂപ വീതം കർമ്മ സമിതിയുടെ അക്കൗണ്ടിലേക്ക് സംഭാവനയായി നൽകണമെന്നുമാണ് ശശികല ആവശ്യപ്പെടുന്നത്. അയ്യപ്പനുള്ള വഴിപാടായി ഇതിനെ കാണണമെന്നും അവർ പറയുന്നു.
‘ശതം സമർപ്പയാമി’ എന്ന പേരിലാണ് കർമ്മസമിതിയുടെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ശശികലയുടെ അഭ്യർത്ഥനയെ സോഷ്യൽ മീഡിയയിൽ നേരെ വിപരീതമായിട്ടാണ് വരവേറ്റത്. ആർക്കും മനസിലാകാത്ത കാര്യത്തിന്റെ പേരിൽ പിരിവിന് ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് ശശികലയേയും കർമ്മസമിതിയെയും ട്രോളൻമാർ ഓടിനടന്ന് ട്രോളുകയാണ്.
നാട്ടിൽ കലാപം അഴിച്ചുവിട്ട അക്രമകാരികളെ ജാമ്യത്തിലിറക്കാൻ ഒരു നൂറ് രൂപ ഷെയർ ഇടാമോന്ന് സംസ്‌കൃതത്തിൽ ചോദിക്കുന്നതാ ആരും വീണു പോകരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. ശതമില്ലെങ്കിൽ വേണ്ട ഒരു ദശമെങ്കിലും സമർപ്പയാമി എന്നാണ് ട്രോളുകൾ നിറയുന്നത്. ഇങ്ങനയെങ്കിൽ നാളെ സുഹൃത്തിനോട് കടം ചോദിക്കുമ്പോഴും ശതം സമർപ്പയാമി എന്ന് പറയാലോ എന്നാണ് ചിലരുടെ കണ്ടെത്തൽ