ന്യൂഡൽഹി: പന്നിപ്പനി ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും എം.പിയുമായ ബി.കെ.ഹരിപ്രസാദ് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ബി.ജെ.പി രംഗത്ത്. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിൽ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് അമിത് ഷാക്ക് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ പരിഹാസം.
എന്നാൽ ഇതിനെതിരെയാണ് ബി.ജെ.പി രംഗത്ത് വന്നത്. പന്നിപ്പനി ബാധിച്ചാൽ ചികിത്സ ചെയ്തു മാറ്റാമെന്നും എന്നാൽ മാനസിക രോഗം ബാധിച്ച വരെ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ടാണെന്നും ബി.ജെ.പി നേതൃത്വം തിരിച്ചടിച്ചു. ഹരിപ്രസാദിന്റെ വിവാദ പ്രസ്താവനയോട് കോൺഗ്രസ് നേതൃത്വം പിന്തുണച്ചില്ല.
കോൺഗ്രസ് ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു ഹരിപ്രസാദിന്റെ വിവാദ പരാമർശം. ഈ പ്രസ്താവനയോട് കോൺഗ്രസ് നേതൃത്വം യാതൊരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചൌധരി പറഞ്ഞു. ബി.ജെ.പി നേതാക്കൾക്ക് അസുഖം വരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ഹരിപ്രസാദിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രിമാരായ രാജ്യവർദ്ധൻ റാത്തോഡ്, മുക്താർ അബ്ബാസ് നഖ്വി, ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി ഉൾപ്പെടെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്