തിരുവനന്തപുരം: പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പതിനായിരക്കണക്കിന് ഭക്തർ നാമജപങ്ങളോടെ കാത്തിരിക്കുന്നു. നിർനിമേഷരായുള്ള അവരുടെ കാത്തിരിപ്പ് ഒരാൾക്ക് വേണ്ടി മാത്രമാണ്. ലാളിത്വത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും നിറകുടമായി ശുഭ്രവസ്ത്രം ധരിച്ച് ലോകത്തിന്റെ അമ്മയായ അമൃതാനന്ദമയി വേദിയിലേക്ക് എത്തി ദർശനം നൽകിയപ്പോൾ പ്രദേശവും ജനങ്ങളും ഭക്തിയിൽ ആറാടി. കൈമനം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് മാതാ അമൃതാനന്ദമയി കൈമനത്ത് എത്തിയത്. മഹാസങ്കടങ്ങളെപ്പോലും നിസാരമാക്കുന്ന പ്രശാന്തഭാവത്തോടെ മാതാ അമൃതാനന്ദമയി ഭക്തർക്ക് സാന്ത്വനമേകി.
"ഒരുപാട് പിരിമുറുക്കങ്ങളുമായിട്ടാണ് എന്റെ മക്കൾ ഇവിടെ വന്നിട്ടുള്ളതെന്ന് അമ്മയ്ക്കറിയാം. ഇതുമാത്രം എപ്പോഴും ആലോചിച്ചിരുന്നാൽ മരുന്ന് തേയ്ക്കാത്ത മുറിവ് പോലെ അത് വഷളാവുകയേയുള്ളു. ശരണാഗതി മാത്രമാണ് ഇതിന് പരിഹാരമെന്ന് മക്കൾ അറിയണം. നമ്മുടെ ശ്വാസത്തിനുപോലും അവകാശി ദൈവമാണ്. ദൈവകൃപയ്ക്കായി നമ്മുടെ അകവും പുറവും സദാ ശുദ്ധമാക്കിവയ്ക്കണം.
എന്നിട്ട് ധ്യാനിക്കണം. ധ്യാനം സ്വർണം പോലെയാണ്.....എല്ലാവരും കിട്ടുന്നതിനെ അവഗണിച്ചിട്ട് കിട്ടാത്തതിനെക്കുറിച്ചോർത്ത് വിഷമിക്കുകയാണ്. എപ്പോഴും നമ്മുടെ കണക്കുകൂട്ടലിനനുസരിച്ചാവില്ല കാര്യങ്ങൾ. പക്ഷേ നമ്മൾ പ്രയത്നിക്കണം. പരാശ്രയത്വത്തിന്റെ മെഴുകിതിരിയല്ല സ്വയം ജ്വലിക്കുന്ന സൂര്യനാവണം നാം.... " അമ്മ പറഞ്ഞു.
ജീവിതത്തിൽ പ്രതീക്ഷയറ്റവർ, രോഗികൾ, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർ തുടങ്ങി സങ്കടക്കടലിൽ മുങ്ങിയ പല തരക്കാരായവർ അമ്മയുടെ സാന്ത്വനമേറ്റുവാങ്ങാൻ ഇവിടെയെത്തി. പലരും അമ്മയുടെ സമീപമെത്തിയപ്പോൾ പൊട്ടിക്കരഞ്ഞു. പലരും വികാരഭരിതരായി. അമ്മയുടെ ആലംഗനമേറ്റുവാങ്ങാനായതിന്റെ ചാരിതാർത്ഥ്യമായിരുന്നു കടന്നുപോയ മുഖങ്ങളിലൊക്കെ. ഭാഷയും ദേശവും, ജാതിയും മതവുമെല്ലാം ഇവിടെ അപ്രസക്തമായി. ഭക്തരുടെ മനസിൽ ഭക്തിയും ഒപ്പം നൻമയുടെ വിത്തും പാകുന്ന തരത്തിലുള്ളതായിരുന്നു മാതാ അമൃതാനന്ദമയിയുടെ സത്സംഗിലെ ഓരോ വാക്കുകളും. അമ്മയുടെ സത്സംഗ് കേൾക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.
അമ്മയുടെ അദ്ഭുക കഥകൾ കേട്ടറിഞ്ഞ് രാജ്യത്തിന് പുറത്ത് നിന്നെത്തിയ നൂറു കണക്കിന് ഭക്തരും കൈമനത്തെ അമ്മയുടെ ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെത്തിയിരുന്നു. ബ്രഹ്മസ്ഥാനം ക്ഷേത്രത്തിൽ രാവിലെ മുതൽ ഭക്തരുടെ തിരക്കായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും വോളന്റിയർമാരും ഒരു പോലെ പാടുപെട്ടു. സത്സംഗിന് ശേഷം ഭജന ആരംഭിച്ചപ്പോഴേക്കും ബ്രഹ്മസ്ഥാനം ക്ഷേത്രം ഭക്തിയുടെ പാരമ്യത്തിലെത്തി. കൈകൾ ആകാശത്തേക്ക് വിടർത്തി കണ്ണുകളടച്ച് അമ്മ പ്രാർത്ഥിച്ചു. "ദുഃഖത്തിൻ തീജ്വാലകൾ കത്തിക്കരിക്കുമെൻ ചിത്തത്തിലേകണേ സ്നേഹം.... " നൂറുകണക്കിന് ഭക്തർ അതേറ്റുപാടി. കാവിയും വെള്ളയും വസ്ത്രങ്ങളണിഞ്ഞ ശിഷ്യന്മാർക്കൊപ്പം രാവിലെ പതിനൊന്ന് മണിയോടെ വേദിയിലെത്തിയ അമൃതാനന്ദമയി "ജയജയ ജഗന്നാഥ" എന്ന സ്തുതിയോട് കൂടിയാണ് ഭജന തുടങ്ങിയത്. പിന്നീട് വൃന്ദാവനത്തിലെ കണ്ണനെയും സർവനാഥനായ പരമേശ്വരനെയും രക്ഷകയായ ജഗദംബയെയും സ്മരിച്ച് നിർവൃതി പൂണ്ടു.
അമ്മയ്ക്കും ശിഷ്യൻമാർക്കുമൊപ്പം വേദിക്കകത്തും പുറത്തും തടിച്ചു കൂടിയ ഭക്തരും ഭജനകളുടെ വരികൾ ഏറ്റുപാടി. കൈകൊട്ടിപ്പാടിയും കൈകൾ വിരിച്ച് പാടിയും ഇവർ അമ്മയുടെ ഭജനകൾ ഏറ്റുപാടി. ദർശന സമയമായപ്പോഴേക്കും ജനത്തിരക്ക് വർദ്ധിച്ചു. ടോക്കൺ നൽകിയാണ് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത്. സ്നേഹലാളനയോടെ മാറോടു ചേർത്ത് അമ്മ ഭക്തരുടെ വേദനകൾ അലിയിച്ചു.