തിരുവനന്തപുരം: ഫയൽക്കെട്ടിൽ കുരുങ്ങി എട്ടുമാസമായി അനിശ്ചിതത്വത്തിലായിരുന്ന തലസ്ഥാനത്തെ ആകാശപാത പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. പുകയും കരിയുമേൽക്കാതെ തലസ്ഥാനം ചുറ്റിക്കാണാനുള്ള ശീതീകരിച്ച ആകാശപാത പദ്ധതിയുടെ ഡിസൈൻ കൺസൾട്ടൻസി കരാർ വിളിക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ തുടങ്ങുകയാണ്. പദ്ധതിനടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ്സെക്രട്ടറി ടോംജോസ് അടുത്തയാഴ്ച യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻഗണനാ പദ്ധതിയാണ് (ടോപ് പ്രയോറിറ്റി) ആകാശപാത. പൊതുമരാമത്ത് വകുപ്പാവും പദ്ധതി നടപ്പാക്കുക.
കഴിഞ്ഞ മേയിൽ സ്പോർട്സ് വകുപ്പ് കൈയൊഴിഞ്ഞ പദ്ധതി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്താനാണ് തീരുമാനം. ചീഫ്സെക്രട്ടറിയുടെ ചർച്ചയിൽ ധാരണയിലെത്തിയാൽ ഡിസൈൻ കൺസൾട്ടൻസി കരാർ വിളിക്കും. രണ്ടുമാസത്തിനകം കൺസൾട്ടൻസിയെ നിയമിക്കാനാവും. വിശദമായ പഠനം നടത്തി പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നത് കൺസൾട്ടന്റാണ്. കരാറായാൽ 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും. കിഫ്ബി ധനസഹായവും നഗരവികസനത്തിന് കുറഞ്ഞപലിശയ്ക്ക് ലഭിക്കുന്ന വിദേശവായ്പകളുമുപയോഗിച്ച് ആകാശപാത പണിയാനാണ് ധാരണ. തലസ്ഥാനത്തിന്റെ സൗന്ദര്യവും പൗരാണിക തനിമയും കളയാതെ, കേരളീയ വാസ്തുശൈലിയിലാവും ആകാശപാത പണിയുക.
തമ്പാനൂർ റെയിൽവേസ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ എന്നിവയുടെ മുന്നിൽ നിന്ന് എസ്.എസ് കോവിൽ റോഡുവഴി സെക്രട്ടേറിയറ്റിലേക്കും കിഴക്കേകോട്ട വഴി ചാലയിലേക്കും രണ്ട് ദിശകളിലാണ് ആകാശപാതാ പദ്ധതി. റോഡുകളുടെ മദ്ധ്യഭാഗത്ത് ഒരുമീറ്റർ വിസ്തൃതിയിലെ ഉരുക്കുതൂണുകളിലാവും ആകാശപാത ഉയരുക. 250-300 കോടി രൂപയാണ് ചെലവ്. വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനുള്ള ആധുനിക സ്റ്റീൽ ഗ്ലൈഡിംഗുകൾ ഉപയോഗിച്ചാവും ആകാശപാത നിർമ്മിക്കുക. പ്രധാന ജംഗ്ഷനുകളിലടക്കം 12 സ്ഥലങ്ങളിൽ കയറാനും ഇറങ്ങാനും പടവുകളും എസ്കലേറ്ററുകളുമുണ്ടാവും. ഹൗസിംഗ് ബോർഡിലെ ഓഫീസുകളിലേക്കും മാളുകളിലേക്കും ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്കും കണക്ഷനും പരിഗണനയിലുണ്ട്. കാൽനട മാത്രമായതിനാൽ വൻ കോൺക്രീറ്റ് തൂണുകൾ ആവശ്യമില്ല. ഒരുമീറ്ററിൽ താഴെ വീതിയുള്ള ഉരുക്ക് തൂണുകളാവും ആകാശപാതയ്ക്കുണ്ടാവുക. ആകാശപാത വരുന്നതോടെ നഗരത്തിലെ അപകടങ്ങൾ കുറയുമെന്നാണ് നാട്പാകിന്റെ റിപ്പോർട്ട്.
തമ്പാനൂരിൽ തുടങ്ങുന്ന ആകാശപാത രണ്ടു ദിശകളിലായാണ് മുന്നോട്ടുപോവുന്നത്. ഒന്ന് എസ്.എസ് കോവിൽ റോഡ്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ വഴി സെൻട്രൽ സ്റ്റേഡിയത്തിലേക്ക്. സെക്രട്ടേറിയറ്റിലേക്കും അനക്സുകളിലേക്കും ഇവിടെനിന്ന് കണക്ഷൻ. ഓവർബ്രിഡ്ജിലെത്തി എം.ജി റോഡിന് മദ്ധ്യത്തിലൂടെ പഴവങ്ങാടി, കിഴക്കേകോട്ട വഴി ചാലയുടെ പ്രവേശനകവാടത്തിലേക്കാണ് രണ്ടാംപാത. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കണക്ഷൻ സുരക്ഷാകാരണങ്ങളാൽ ഉണ്ടാവില്ല.
താത്പര്യമറിയിച്ച് 6 കമ്പനികൾ
ഫ്രഞ്ച് കമ്പനിയായ സ്റ്റൂപ്പ് അടക്കം ആറ് കമ്പനികൾ ആകാശപാത നിർമ്മാണത്തിന് താത്പര്യമറിയിച്ചിട്ടുണ്ട്. മൂന്ന് അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിൽ 35 സ്കൈവാക്കുകൾ പണിത രണ്ട് കമ്പനികളും രംഗത്തുണ്ട്. കമ്പനികളിൽ നിന്ന് ഫിനാൻഷ്യൽ ബിഡ് വാങ്ങി, ആർക്കിടെക്ചർ ആൻഡ് സ്ട്രക്ചറൽ കൺസൾട്ടന്റിനെ തിരഞ്ഞെടുക്കും. എം.ജി റോഡിന്റെ മീഡിയനിലൂടെ സെക്രട്ടേറിയറ്റു വരെ ആകാശപാത നിർമ്മിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ലൈറ്റ്മെട്രോയുടെ റൂട്ടും ഡിസൈനുമടക്കം കമ്പനികൾക്ക് നൽകിയിരുന്നു. പക്ഷേ, എസ്.എസ് കോവിൽ റൂട്ടാണ് കൂടുതൽ കമ്പനികളും നിർദ്ദേശിച്ചത്.