തിരുവനന്തപുരം: പാതിവഴിയിൽ അവസാനിച്ച റോഡ് നവീകരണം അപകടക്കെണിയായി മാറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. പി.ഡബ്ലിയു.ഡി യുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ആയുർവേദ കോളേജ് - കുന്നുംപുറം റോഡിലെ ഓടയ്ക്ക് മീതെ സ്ഥാപിച്ച സ്ളാബുകളാണ് അപകടക്കെണിയായത്. കുന്നുംപുറം പഴയ ജി.പി.ഒ ജംഗ്ഷനിലാണ് ഇരുചക്രവാഹനക്കാരുൾപ്പെടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത്. റോഡിന് കുറുകെ പുതുതായി നിർമ്മിച്ച ഓടയുടെ സ്ളാബുകൾ റോഡ്നിരപ്പിൽ നിന്ന് പൊന്തി നിൽക്കുന്നതാണ് അപകടത്തിന് കാരണം. ആയുർവേദ കോളേജിൽ കുന്നുംപുറം ജംഗ്ഷനിലേക്ക് വരുന്ന റോഡിന് സമാന്തരമായുള്ള ഓട കുന്നുംപുറം ജംഗ്ഷനിൽ റോഡ് മുറിച്ച് ഉപ്പിടാമൂട് ഭാഗത്തേക്കാണ് പോകുന്നത്. റോഡ് മുറിച്ച് കടന്നുപോകുന്ന ഓടയ്ക്ക് മീതെ പുതുതായി സ്ഥാപിച്ച സ്ളാബുകൾ തറനിരപ്പിൽ നിന്ന് ഒരടിയിലേറെ പൊങ്ങിയാണ് നിൽക്കുന്നത്. ഇത് കാരണം ആയുർവേദ ആശുപത്രി ഭാഗത്തു നിന്നു ഇതുവഴി വരുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവ ഉയർന്നുനിൽക്കുന്ന സ്ളാബിൽ നിന്ന് റോഡ് നിരപ്പിലേക്ക് ഇറക്കാൻ ഏറെ ബുദ്ധിമുട്ടുന്നു.
അപകടം നിത്യ സംഭവം
റോഡിന്റെ ഈ അവസ്ഥ കാരണം രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവരും അപരിചിതരും ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ റോഡ് നിരപ്പല്ലാത്തതിനാൽ കുന്നുംപുറം ജംഗ്ഷനെത്തുമ്പോൾ അപകടം ഒഴിവാക്കാൻ എതിർദിശയിലേക്ക് ഒതുക്കുന്നത് പുളിമൂട്, ഉപ്പിടാംമൂട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. ആയുർവേദ കോളേജ് - കുന്നുംപുറം റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വീതികൂട്ടി വികസിപ്പിക്കുന്ന ജോലികൾ നടന്നുവരികയാണ്. റോഡിന്റെ പണി പൂർത്തിയാകാത്തതാണ് കുന്നുംപുറം ജംഗ്ഷനിലെ അപകടക്കെണിക്ക് കാരണമായത്.
തകർന്ന റോഡുകളും ഉയർന്ന സ്ലാബും
ഉപ്പിടാംമൂട് മുതൽ പുളിമൂട് വരെയുള്ള റോഡ് ടാർ പൊട്ടിപ്പൊളിഞ്ഞ് തകർച്ചയിലായതും വീതി കുറവായതും ഈ മേഖല അപകടക്കെണിയാകാൻ കാരണമാകുന്നുണ്ട്. ഓരോ മിനിട്ടിലും നൂറോളം വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. വൺവേ സംവിധാനം ഉള്ള റോഡ് അല്ലാത്തതിനാൽ തലങ്ങും വിലങ്ങുമാണ് ഇതുവഴി വാഹനങ്ങൾ സഞ്ചരിക്കുന്നത്. പുളിമൂട് ജംഗ്ഷനിൽ നിന്നും കൈതമുക്ക്, പേട്ട, വഞ്ചിയൂർ ഭാഗത്തേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ആയുർവേദ കോളേജ് റോഡിൽ നിന്നു ഉപ്പിടാംമൂട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഈ തിരക്കിൽ പെട്ട് കുടുങ്ങിപ്പോകാറാണ് പതിവ്. തിരക്കിൽപ്പെടാതിരിക്കാൻ വേഗതയിൽ എത്തുന്ന വാഹനങ്ങൾ റോഡിനു കുറുകെയുള്ള സ്ലാബിൽ കയറിയ ശേഷമാണ് റോഡും സ്ലാബുമായുള്ള ഉയര വ്യത്യാസം ശ്രദ്ധിക്കുന്നത്. അതോടെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിത്തിരിക്കുകയോ, ബ്രേക്ക് ചെയ്യുന്നതോ അപകടത്തിന് കാരണമാകുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഗട്ടറുകളിൽ വീഴാതിരിക്കാനാനായി വെട്ടിഒഴിച്ച് സഞ്ചരിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. റോഡ് പൂർണമായി ടാർ ചെയ്യുകയും ഈ മേഖലയിൽ മെറ്റലിംഗ് നടത്തി റോഡ് സ്ലാബിനൊപ്പം ഉയർത്തി ടാറിംഗ് പൂർത്തിയാക്കിയാലേ അപകടം ഒഴിവാക്കാൻ കഴിയൂ.
റോഡിന് സമീപത്തെ പുളിമരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പണി തടസപ്പെടാൻ കാരണമായത്. പി.ഡബ്ലിയു.ഡി യുടെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണം ഉടൻ ആരംഭിക്കും. (വഞ്ചിയൂർ പി.ബാബുകൗൺസിലർ)