തിരുവനന്തപുരം: നഗരത്തിന്റെ ഒഴിഞ്ഞകോണിലും വിജനമായ പാതയോരങ്ങളിലും റെയിൽവേ ട്രാക്കിനരികിലും ഉപേക്ഷിക്കപ്പെടുന്ന ഉയർന്നു കേൾക്കുന്ന 'കുര'യ്ക്ക് പിന്നിലൊരു കഥയുണ്ട്. കേവലം തെരുവുനായ്ക്കളെന്ന് പറഞ്ഞവയെ അവഗണിക്കരുത്. പാലും മുട്ടയും ഇറച്ചിയും നേരാനേരം കഴിച്ച്, കുടുംബത്തിലൊരാളെപ്പോലെ രാജകീയമായി കഴിഞ്ഞിരുന്ന മുന്തിയ ഇനം വളർത്തുനായ്ക്കളുടെ രോദനമാണത്.
വിവിധ കാരണങ്ങളാൽ തെരുവിലെത്തുന്ന വളർത്തുനായ്ക്കളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ പ്രതിമാസം നൂറോളം വളർത്തുനായ്ക്കൾ അനാഥരാക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറിയ പങ്കും ലാബ്രഡോർ, പൊമറേനിയൻ, അൾസേഷ്യൻ, ഗ്രേറ്റ് ഡേൻ, ഡാൽമേഷൻ തുടങ്ങിയ മുന്തിയ ഇനം വർഗത്തിൽപ്പെട്ടവരാണെന്നതാണ് അദ്ഭുതപ്പെടുത്തുന്ന വസ്തുത.
ആയിരങ്ങളോ പതിനായിരങ്ങളോ കൊടുത്തുവാങ്ങുന്ന ഇത്തരം നായ്ക്കൾ ചെറിയ അസുഖങ്ങളുടെ പേരിലാണ് തെരുവിൽ ഉപേക്ഷിക്കപ്പെടുന്നത്. ചിലപ്പോഴാകട്ടെ, അബദ്ധത്തിൽ തുറന്നു കിടന്ന ഗേറ്റിലൂടെ വെളിയിൽ ചാടുന്ന നായ്ക്കളുണ്ട്. തിരിച്ചുപോകാൻ വഴിയറിയാതെ തെരുവിൽ ചുറ്റിത്തിരിയുന്നവർ. നായ്ക്കളെ വിനോദവസ്തുവായി കാണുന്ന ചിലരാകട്ടെ, നായയ്ക്ക് വയസാകുമ്പോഴോ താമസം മാറിപ്പോകുമ്പോഴോ നിസാരമായി ഇവയെ എവിടെയെങ്കിലും ഉപേക്ഷിക്കുന്നു.
പട്ടിക്കുട്ടികളെ വിറ്റുജീവിക്കുന്നവരാകട്ടെ, പരമാവധി തവണ പ്രസവിച്ച് അവശയും പ്രായമേറിയതുമായ നായ്ക്കളെ ഇവർ നിഷ്കരുണം തെരുവിലെറിയുന്നു.
തന്റെ വീടും യജമാനനും നഷ്ടമാകുന്ന നായ പെട്ടെന്നാണ് അനാഥരായി തീരുന്നത്. ഇവർ അപരിചിതമായ സ്ഥലത്ത് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമെന്ന് എഴുത്തുകാരിയും മൃഗസംരക്ഷണ പ്രവർത്തകയുമായ ശ്രീദേവി എസ്. കർത്ത പറയുന്നു. സ്വന്തമായി ഭക്ഷണം തേടാനറിയാത്ത വളർത്തുനായ്ക്കൾ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് തന്നെ കിടക്കുകയാണ് പതിവ്. എന്നെങ്കിലും തന്റെ യജമാനൻ തിരിച്ചുവരുമെന്ന പ്രതീക്ഷ അത് ഒരിക്കലും കൈവിടുന്നില്ല.
ചിലരാകട്ടെ, കണ്ണിൽകണ്ട വഴികളിലൂടെ വീട് തേടി പായും. ഒടുവിൽ പലപ്പോഴും ഹൃദയാഘാതം മൂലമോ പട്ടിണി കിടന്നോ വാഹനാപകടത്തിൽപെട്ടോ ചത്തുപോകുകയാണിവർ. ചിലപ്പോൾ ഇപ്രകാരം വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ ചില നായസ്നേഹികൾ വളർത്താനായി കൊണ്ടുപോകാറുണ്ട്. നല്ല ആരോഗ്യമുള്ള പ്രത്യുത്പാദന ശേഷിയുള്ള ഇവയെ പട്ടിക്കച്ചവടക്കാരും കണ്ണുവയ്ക്കുന്നു.
യജമാനനെയും കുടുംബത്തെയും മാത്രം സ്നേഹിച്ചു അവരുടെ സാമീപ്യം എപ്പോഴും ആഗ്രഹിക്കുന്ന ഇത്തരം നായ്ക്കളെ ഒരു പാഴ്വസ്തുപോലെ വലിച്ചെറിയുന്ന ക്രൂരത തടയാൻ സർക്കാർ സംവിധാനവും ഇല്ല. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം ആരെങ്കിലും തെളിവ് സഹിതം പരാതിപ്പെട്ടാൽ നൂറു രൂപ പിഴ അടച്ച് പ്രതിക്ക് രക്ഷപ്പെടാനാവും.
രക്ഷാകേന്ദ്രങ്ങൾ
മൃഗങ്ങളുടെ സാന്ത്വനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ പീപ്പിൾ ഫോർ ആനിമൽസിന്റെ വലിയറത്തല ഷെൽട്ടറിൽ പ്രതിമാസം ശരാശരി ഉപേക്ഷിക്കപ്പെട്ട 50 നായ്ക്കളെ രക്ഷിച്ചുകൊണ്ടുവരുന്നു. കോവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഡോഗ് വാച്ച് സംഘടനയിലും പതിനഞ്ചോളം നായ്ക്കളെ ലഭിക്കാറുണ്ട്. ഈ കേന്ദ്രങ്ങളിൽ എത്തുന്ന ചില നായ്ക്കൾ വിഷാദരോഗം പിടിച്ച് മൂകരായി തീരുന്നു. ചിലത് അകാലത്തിൽ പൊലിയും. എന്നാൽ ചിലരാകട്ടെ, കുറച്ചുനാളത്തെ സ്നേഹത്തോടെയുള്ള പരിലാളനം കൊണ്ട് ശിഷ്ടകാലം ഇവിടെ ജീവിച്ചുതീർക്കുന്നു. ഇവിടെ നിന്നു സൗജന്യമായി നായ്ക്കളെ ദത്തെടുക്കാനുള്ള സംവിധാനവും ഉണ്ട്.
നായ്ക്കളെ ഉപേക്ഷിക്കുന്നത് ഗവൺമെന്റിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ശ്രമത്തെ വിഫലമാക്കുന്നു. വളർത്തുനായ്ക്കൾക്ക് ലൈസൻസും മൈക്രോചിപ്പിംഗും നിർബന്ധമാക്കിയാൽ നായ്ക്കളെ കൊണ്ടുകളയുന്നവരെ കണ്ടുപിടിച്ചു നൽകാൻ സാധിക്കും.- ലത .ഐ, (സെക്രട്ടറി, പീപ്പിൾ ഫോർ ആനിമൽ)
ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ മാനസിക സംഘർഷവും സങ്കടവും അങ്കലാപ്പും കാണുന്നത് ഹൃദയഭേദകമാണ്. ഇതിനെ ക്രൂരമായ ക്രിമിനൽ കുറ്റമായി തന്നെ കാണണം.
- മറിയ ജേക്കബ്, (പീപ്പിൾ ഫോർ ആനിമൽ ട്രസ്റ്റി)