തിരുവനന്തപുരം : കോവളം - കഴക്കൂട്ടം ദേശീയ പാതയിലെ പ്രധാന ജംഗ്ഷനായ ചാക്കയിലൂടെ കടന്നുപോകാൻ കഴിയാതെ ജനങ്ങൾ വലയുന്നു. രാവിലെയും വൈകിട്ടും ചാക്ക കടക്കണമെങ്കിൽ മണിക്കൂറുകൾ പണിപ്പെടേണ്ട സ്ഥിതിയാണ്. മേൽപ്പാലനിർമ്മാണത്തിന്റെ ഭാഗമായി റൗണ്ട് എബൌട്ട് പൊളിച്ചത്തോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചെങ്കിലും അതും ഫലപ്രദമല്ല.
പണി പുരോഗമിക്കുന്ന റോഡിലൂടെ നിയന്ത്രമില്ലാതെ കടത്തിവിടുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം. റോഡിന്റെ നാലുവശത്തും വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഞായറാഴ്ചകളിൽ പേട്ടയിൽ നിന്ന് ചാക്കയിലേക്കും എയർപോർട്ട് റോഡിൽ നിന്ന് ചാക്കയിലേക്കുമുള്ള പാതയിൽ വൈകിട്ട് ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാത്രിയോളം തുടരും. കോവളം, ശംഖുംമുഖം, വെട്ടുകാട് എന്നിവിടങ്ങളിലേക്ക് പോകാൻ കൂടുതൽ അളുകൾ എത്തുന്നതോടെയാണ് ഈ റോഡുകളിൽ കുരുക്ക് ശക്തമാകുന്നത്. കുരുക്ക് കൂടുമ്പോൾ സിഗ്നൽലൈറ്റ് ഓഫാക്കി ട്രാഫിക് പൊലീസുകാർതന്നെ നിയന്ത്രണം ഏറ്റെടുക്കുകയാണ് പതിവ്. എന്നാൽ അതും ഫലപ്രദമല്ല. പ്രധാന റോഡിൽനിന്ന് ഇടറോഡിലേക്ക് വാഹനങ്ങൾക്ക് തിരിയാനും ബുദ്ധിമുട്ടാണ്. വിമാനത്താവളം, കന്യാകുമാരി, ശംഖുംമുഖം, വിഴിഞ്ഞം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് പോകുന്ന നാൽക്കവലയാണ് ഒരുവർഷത്തിലേറെയായി ഗതാഗതക്കുരുക്കിൽ അമർന്നിരിക്കുന്നത്. മേൽപ്പാല നിർമ്മാണം പൂർത്തിയാകുന്നതോടെ പരിഹാരമാകുമെന്ന് പറയുന്നുണ്ടെങ്കിലും അതുവരെ എങ്ങനെ ഈ കടമ്പ കടക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ജനങ്ങൾ.
ട്രാഫിക് പൊലീസ് ഉണരണം,ഗതാഗത നിയന്ത്രണം ഏക പോംവഴി
കോവളം ഭാഗത്തും ആറ്റിങ്ങൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താത്കാലികമായി നിയന്ത്രിച്ചാൽ ചാക്കയിലെ ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനായി ട്രാഫിക് സൗത്ത് നോർത്ത് വിഭാഗങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കണം. തിരക്കേറിയ സമയങ്ങളിൽ കോവളം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പരുത്തിക്കുഴി, പൊന്നറപാലത്തിന് സമീപം, ഈഞ്ചയ്ക്കൽ എന്നിവിടങ്ങളിലും ആറ്റിങ്ങൽ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കഴക്കൂട്ടം, കുഴിവിള, വെൺപാലവട്ടം എന്നിവിടങ്ങിൽ വച്ചും തിരിച്ച് വിട്ടാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്ന് ട്രാഫിക് പൊലീസ് വൃത്തങ്ങൾ പറയുന്നു. കോവളം മുതൽ ഈഞ്ചയ്ക്കൽ വരെ ട്രാഫിക് സൗത്തിന് കീഴിലും ഈഞ്ചയ്ക്കൽ മുതൽ കുഴിവിള വരെ നോർത്തിന് കീഴിലുമാണ് ഉള്ളത്. അതിനാൽ ഇത്തരമൊരു പരിഷ്കരണം നടത്തണമെങ്കിൽ ഇരുവിഭാഗങ്ങളും ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറാകണം. ഇരുവിഭാഗങ്ങളുടെയും ഏകോപനക്കുറവാണ് ഇപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നത്.