തിരുവനന്തപുരം: വീടിന്റെ ടെറസിൽ സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികൾ വിതരണം ചെയ്ത് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ. ജവഹർ നഗറിലെ വീടിന്റെ ടെറസിൽ സ്വന്തമായി കൃഷി ചെയ്ത് അശ്വിൻ സമ്പാദിച്ച ഏഴായിരത്തോളം രൂപയാണ് പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയെ ഏൽപ്പിച്ചത്. അശ്വിൻ അഞ്ചാം ക്ലാസ് മുതൽ തന്നെ അച്ഛനോടൊപ്പം ടെറസിൽ ജൈവപച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
പ്രളയബാധിതരെ സഹായിക്കാനായി അച്ഛനും അമ്മയും ഒരു മാസത്തെ ശമ്പളവും, പ്ലസ് വൺ വിദ്യാർത്ഥിയായ ജ്യേഷ്ഠൻ അർജുൻ തന്റെ സമ്പാദ്യമായ 5000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയപ്പോൾ അശ്വിന് ദുരിതാശ്വാസ നിധിയിലേക്ക് 200 രൂപ കൊടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് കൃഷിയിലൂടെ പണം സമാഹരിക്കാൻ അശ്വിനെ പ്രേരിപ്പിച്ചത്.
ആദ്യ വിളവെടുപ്പിന്റെ സമയത്ത് സി.എം.ഡി.ആർ.എഫിലേക്കെന്ന് എഴുതിയ കുടുക്കയും പച്ചക്കറികളുടെ വില്പന സമയത്ത് സമീപം വച്ചു. വിളവെടുപ്പ് കഴിഞ്ഞപ്പോഴേക്കും കുടുക്ക നിറഞ്ഞു. ചീരയും പയറും പാവലും തക്കാളിയും പച്ചക്കറി തൈകളും വിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ കുടുക്കയും നിറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി അദ്ധ്വാനിച്ച് കാശ് കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ 'കൊച്ചു'കർഷകൻ.