reshma

നിലയ്ക്കൽ: ശബരിമല ദർശനത്തിനായി രേഷ്മ നിശന്തും, ഷാനിലയും വീണ്ടും എത്തി. നിലയ്ക്കലിൽ എത്തിയ ഇവരെ പൊലീസ് ഇടപെട്ട് തിരിച്ചയച്ചു. കഴിഞ്ഞ ബുധനാഴ്ചയും ഇവർ മലകയാറാനായി എത്തിയിരുന്നു. പമ്പയിൽ നിന്നും യാത്ര തുടർന്നപ്പോൾ തന്നെ പ്രതിഷേധക്കാർ യുവതികളെ തടഞ്ഞിരുന്നു. അന്യ സംസ്ഥാനത്ത് നിന്നും എത്തിയ ഭക്തരുടെ നേതൃത്വത്തിലാണ് അന്ന് യുവതികളെ തടഞ്ഞത്, ഈ സംഭവം പൊലീസിനെ ഞെട്ടിച്ചിരുന്നു. അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഭക്തർക്കെതിരെ ബലപ്രയോഗമടക്കമുള്ള നടപടിയിലേക്ക് പൊലീസ് തിരിഞ്ഞാൽ സംഘർഷം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും എന്ന മുന്നറിയിപ്പുള്ളതിനാൽ പൊലീസ് തന്ത്രപരമായി യുവതികളെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസ് തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് രേഷ്മ പിന്നീട് ആരോപിച്ചിരുന്നു.

ഇതിനെ തുടർന്നാണ് യുവതികൾ ഇന്ന് പുലർച്ചെ വീണ്ടും ശബരിമല ദർശനത്തിനായി എത്തിയത്. എന്നാൽ നിലയ്ക്കലിൽ വച്ചുതന്നെ ഇവരെ പൊലീസ് കാര്യങ്ങൾ ധരിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. മല കയറാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുകയും സുരക്ഷ നൽകാൻ കഴിയില്ലെന്ന് വിശദീകരിക്കുകയുമായിരുന്നു. തുടർന്ന് യുവതികളെ പോലീസ് നിലയ്ക്കലിൽനിന്ന് എരുമേലിയിലേക്കു മടക്കി അയച്ചു.