india

ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ പ്രവചനം ഫലിച്ചാൽ 2030ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും. നിലവിൽ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയായിരിക്കും ഇന്ത്യയുടെ ഈ കുതിപ്പ്. ഒന്നാംസ്ഥാനം ചൈന പിടിച്ചടക്കുമെന്നും ജി.ഡി.പി വളർച്ച അടിസ്ഥാനമാക്കി സ്റ്രാൻഡേർഡ് ചാർട്ടേഡ് ബാങ്ക് പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിലുണ്ട്.

2030ൽ ഏറ്രവും വലിയ പത്ത് സമ്പദ്ശക്തികളിൽ ഏഴും ഇന്നത്തെ വികസ്വര രാജ്യങ്ങളായിരിക്കും. ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളായിരിക്കും സാമ്പത്തിക കുതിപ്പ് നടത്തുക. നിലവിലെ സമ്പദ്ശക്തികളായ ജർമ്മനി, ജപ്പാൻ തുടങ്ങിയവ റഷ്യ, ഇൻഡോനേഷ്യ, ഈജിപ്ത് എന്നിവയേക്കാളും പിന്നിലാകും. ഇന്ത്യയുൾപ്പെടുന്ന 'ബ്രിക്സ്' കൂട്ടായ്മയായിരിക്കും സമ്പത്തിൽ ഏറ്രവും മുന്നിൽ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിലുള്ളത്. ഈ രാജ്യങ്ങളിലെ ഇടത്തരം വരുമാനക്കാരിലുണ്ടാകുന്ന വർദ്ധനയാണ് സമ്പദ്കുതിപ്പിന് പ്രോത്സാഹനമാകുക.

ഇന്ത്യയുടെ സമ്പത്ത് $46.3 ലക്ഷം കോടി

2030ൽ 64.2 ലക്ഷം കോടി ഡോളർ ജി.ഡി.പിയുമായി ചൈന ഒന്നാമതെത്തും. രണ്ടാംസ്ഥാനത്തെത്തുന്ന ഇന്ത്യയുടെ ജി.ഡി.പി 46.3 ലക്ഷം കോടി ഡോളറായിരിക്കും. 31 ലക്ഷം കോടി ഡോളറായിരിക്കും അമേരിക്കയുടെ ജി.ഡി.പി. 2030ൽ അമേരിക്കയുടെ ഇരട്ടിയിലേറെ സമ്പത്ത് ചൈനയ്ക്കുണ്ടാകും.

ടോപ് 10
2030ലെ സമ്പദ്ശക്തികളിൽ ചൈന ഒന്നാമതെത്തുന്ന പട്ടികയിൽ ഇന്ത്യ, അമേരിക്ക, ഇൻഡോനേഷ്യ, ടർക്കി എന്നിവയായിരിക്കും യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. ആറു മുതൽ 10 വരെ സ്ഥാനങ്ങൾ യഥാക്രമം ബ്രസീൽ, ഈജിപ്ത്, റഷ്യ, ജപ്പാൻ, റഷ്യ എന്നിവ കൈയാളും.