ന്യൂഡൽഹി: വൈപ്പിൻ മുനമ്പം വഴി മനുഷ്യക്കടത്ത് നടത്തിയവരെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളായ ദീപക്, പ്രഭു എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. ഏതാണ്ട് 200 പേരെയാണ് സംഘം ആസ്ട്രേലിയയിൽ എത്തിക്കാമെന്ന് പ്രലോഭിപിച്ച് കൂടെക്കൂട്ടിയത്. ഓരോരുത്തരിൽ നിന്നും ഒന്നരലക്ഷം രൂപ വീതം വാങ്ങിയെന്നും സംഘം മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ ഡൽഹി പൊലീസിന്റെ കസ്‌റ്റഡിയിലുള്ള ഇരുവരെയും ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും. ആസ്ട്രേലിയയിലേക്ക് യാത്ര തിരിച്ച സംഘത്തിൽ ദീപകിന്റെ ഭാര്യയും കുഞ്ഞുമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു.
ശ്രീലങ്കയിൽ നിന്ന് ഡൽഹി, ചെന്നൈ വഴി ഡിസംബർ 28 ന് സംഘം കൊച്ചിയിലെത്തിയെന്നാണ് സൂചന. ചെറായിയിലെ റിസോർട്ടിൽ 66 ഉം ചോറ്റാനിക്കരയിൽ 82 പേരും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടിടത്തും സി.സി.ടി.വി കാമറകൾ ഇല്ലാത്തതിനാൽ ആളുകളെക്കുറിച്ച് സൂചന ലഭിച്ചില്ല. ചോറ്റാനിക്കരയിൽ സംഘം ക്ഷേത്രദർശനം നടത്തിയതായി സിസി ടിവികളിൽ വ്യക്തമല്ല. ലോഡ്‌ജിൽ ഡൽഹി വിലാസം നൽകിയ പൂജ എന്ന യുവതി ചോറ്റാനിക്കരയിലെ ആശുപത്രിയിൽ ഡിസംബർ 31ന് പ്രസവിച്ചിരുന്നു. ജനുവരി നാലിന് ആശുപത്രി വിട് ഇവർ കുഞ്ഞിനു വേണ്ടി വാങ്ങിയതെന്ന് കരുതുന്ന സ്വർണവള ഉപേക്ഷിച്ച ബാഗിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മാല്യങ്കര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട 73 ബാഗുകൾ പരിശോധിച്ച പൊലീസിന് രണ്ട് ശ്രീലങ്കക്കാരുടെ ജനന സർട്ടിഫിക്കറ്റും ലഭിച്ചു.
മുനമ്പത്തു നിന്ന് ദയാമാത എന്ന ബോട്ടിൽ സംഘം പുറംകടലിലേക്കു പോയെന്നാണ് വിവരം. ബോട്ട് അന്താരാഷ്ട്ര കപ്പൽച്ചാലിൽ എത്തിയിരിക്കാനും സാദ്ധ്യതയുണ്ട്. സംഘം പുറംകടലിലെ ബോട്ടിലുണ്ടെന്ന നിഗമത്തിൽ നാവികസനേയും തീരരക്ഷാ സേനയും കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രണ്ടു ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ബോട്ട് കണ്ടെത്താനായില്ല. സംഘത്തെ കപ്പലിൽ ആസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ എത്തിക്കുകയാണ് കടത്തിയവരുടെ ലക്ഷ്യമെന്ന് കരുതുന്നു.