munambam-human-traffickin

തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയായ ശ്രീകാന്തന് സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളതായി പൊലീസ്. ഇയാളുടെ ഉടമസ്ഥതയിൽ കോവളത്തെ വെണ്ണിയൂരിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇയാളുടെ വിദേശനിക്ഷേപം അടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നാണ് പൊലീസ് പറയുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രേഖകളും കോവളത്തെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇയാളുടെ പേരിൽ തിരുവനന്തപുരത്തെ പ്രമുഖ ബാങ്കിലടക്കമുള്ള അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിലെ തമിഴ് കോളനിയിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ആസ്‌ട്രേലിയയിലും മലേഷ്യയിലും എത്തിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് തട്ടിയെടുത്ത തുകയാണ് സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യം കണ്ടെത്തുന്നതിന് കേന്ദ്ര, അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടാനാണ് പൊലീസ് തീരുമാനം. ശ്രീലങ്കൻ വംശജനായ ശ്രീകാന്തൻ തമിഴ്നാട് വഴി മൂന്ന് വർഷം മുമ്പാണ് കോവളത്ത് എത്തിയത്. പലിശയ്ക്ക് പണം കൊടുക്കുന്നതിന് പുറമെ തുണിക്കച്ചവടവും ഇയാൾ നടത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഇയാൾക്ക് സ്വന്തം പേരിൽ വീടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിൽ പലതും വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

അതേസമയം, ശ്രീകാന്തൻ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിരുന്നതായും പൊലീസിന് സംശയമുണ്ട്. തമിഴ് വംശജരുമായി കടന്നെന്ന് കരുതുന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്താൻ നാവികസേനയും തീരസംരക്ഷണ സേനയും മൂന്നു ദിവസമായി തുടരുന്ന തിരച്ചിൽ ഫലം കണ്ടിട്ടില്ല. രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്ത് ബോട്ട് എത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കപ്പെടുന്നു. ബോട്ട് കണ്ടെത്താൻ പ്രത്യേക കപ്പലിനെ ഇരു സേനകളും നിയോഗിച്ചിട്ടില്ല. ഇന്ത്യൻ സമുദ്രത്തിൽ പട്രോളിംഗ് നടത്തുന്ന കപ്പലുകളാണ് ദൗത്യത്തിലുള്ളത്. ഹെലികോപ്ടറുകളും തിരച്ചിൽ നടത്തുന്നുണ്ട്.

ബോട്ടിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് തിരച്ചിൽ തുടരുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് ഇന്ത്യയുടെ സമുദ്രാതിർത്തി. അതിനപ്പുറം അന്താരാഷ്ട്ര കപ്പൽച്ചാലാണ്. കഴിഞ്ഞ ശനിയാഴ്ച പുറപ്പെട്ടെന്ന് കരുതുന്ന ബോട്ട് അവിടെ എത്തിക്കാണും. അങ്ങിനെയെങ്കിൽ ബോട്ട് പിടികൂടാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടിവരും. ബോട്ടിൽ നിന്ന് വെടിവയ്പ്പ് പോലെ അക്രമമുണ്ടായാലേ ഇടപെടാൻ കഴിയൂവെന്ന് നാവിക വക്താവ് പറഞ്ഞു.