ന്യൂഡൽഹി: ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് സ്വന്തം കുടുംബത്തെ രക്ഷിച്ചവൾ. അച്ഛൻ ഭീകരരോട് തോക്കുകൊണ്ട് പൊരുതിയപ്പോൾ മകൾ വാക്കുകൾ കൊണ്ട് നേരിട്ടു. ഈ വർഷത്തെ ധീരതക്കുള്ള പുരസ്കാരം നേടിയ ഹിമയെന്ന പെൺകുട്ടിയുടെ കാര്യമാണ് പറഞ്ഞത്. ആന്ധ്രാപ്രദേശിൽ നിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളാണ് ഗുരുഗു ഹിമപ്രിയ എന്ന ഒൻപതുകാരി. ഉധംപൂർ കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹിമ.
ഇവർ താമസിച്ചിരുന്ന സുൻജ്വാൻ ഇൻഫിനിറ്റി ക്യാംപലേക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെയ്ഷെ തീവ്രവാദികൾ എത്തിയത്. അച്ഛൻ തീവ്രവാദികളെ ചെറുത്ത് നിൽക്കുമ്പോൾ വീട്ടിൽ ഹിമയും അമ്മ പദ്മാവതിയും സഹോദരി റിഷിതയും, അവന്തികയും മാത്രമാണുണ്ടായിരുന്നത്. കോർട്ടേഴ്സിലേക്ക് ഭീകരർ ബോംബെറിഞ്ഞതിനെ തുടർന്ന് പദ്മാവതിയുടെ കൈപ്പത്തി ചിതറിപ്പോയി. ഇതൊന്നും ഹിമയെ തളർത്തിയില്ല, അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കൊച്ചു കുട്ടിയായിരുന്നിട്ടും ഭീകരർ അവൾക്ക് നോരെ തോക്ക് ചൂണ്ടുകയും അവളെ ബന്ധിയാക്കുകയും ചെയ്തു.
എന്നാൽ അതൊന്നും അവളുടെ മനോധൈര്യം കെടുത്തിയില്ല. ഹിമ അവർക്ക് മുന്നിൽ പിടിച്ച് നിന്നു. ബന്ധിയാക്കിയിട്ടും ഏകദേശം നാലുമണിക്കൂറോളം അവൾ ഭീകരരോട് സംസാരിച്ചുകൊണ്ടിരുന്നു. ഇത് അമ്മയെയും കൂടപ്പിറപ്പുകളെയും ആക്രമത്തിൽ നിന്ന് രക്ഷിക്കാൻ അവൾക്ക് കഴിഞ്ഞു. അമ്മയുടെ കൈപ്പത്തി തകർന്നതിനാൽ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നും അവൾ ഭീകരരോട് അപേക്ഷിച്ചു. ഒടുവിൽ അവളുടെ അപേക്ഷ ഭീകരർ സ്വീകരിക്കുകയും പോകാൻ അനുവദിക്കുകയുമായിരുന്നു. ഭീകരരുടെ ശ്രദ്ധമാറിയെന്ന് ഉറപ്പായതോടെ ഹിമ വിവരം പട്ടാളക്കാരെ അറിയിക്കുകയുെ ചെയ്തു. തുടർന്ന് സൈന്യം എത്തി ഭീകരരെ പിടികൂടുകയും ചെയ്തു.
തീവ്രവാദികളുടെ കൈയ്യിൽ നിന്ന് സ്വന്തം കുടുംബത്തെ രക്ഷിച്ചതിന് മാത്രമല്ല ആക്രമണത്തിൽ മരണസംഖ്യ കുറക്കാനും ഹിമയുടെ ഇടപെടൽ കാരണമായെന്ന് സൈന്യം വ്യക്തമാക്കി.അത്കൂടി കണക്കിലെടുത്താണ് ധീരതക്കുള്ള പുരസ്കാരത്തിന് ഹിമ അർഹയായതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംഘാടകർ അറിയിച്ചു. മകളെ കുറിച്ച് അഭിമാനിക്കാവുന്ന വാക്കുകൾ കേട്ട പദ്മാവതി നിറകണ്ണുകളോടെ വേദനകൾ കാറ്റിൽ പറത്തി ഹിമയെ ചേർത്തുപിടിച്ചു. തോക്കിൻ മുനയിലും പതറാത്ത ഹിമയുടെ കണ്ണുകൾ അമ്മയുടെ ആലിംഗനത്തിൽ ഈറനണിഞ്ഞു പോയി.