കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നയിക്കുന്ന ബി.ജെ.പി വിരുദ്ധ മഹാസഖ്യറാലി ഇന്ന് ഉച്ചയ്ക്ക് നടക്കും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രീയനേതാക്കൾ ''യുണൈറ്റഡ് ഇന്ത്യ റാലി" എന്ന പരിപാടിയിൽ പങ്കെടുക്കും. മോദിക്കെതിരെ മത്സരിക്കാൻ കോൺഗ്രസിനെ ഒപ്പം കൂട്ടില്ലെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കളമൊരുങ്ങുന്നത് പ്രതിപക്ഷ ഐക്യത്തിന് തന്നെയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെങ്കിലും പാർട്ടിയിലെ മുതിർന്ന അംഗങ്ങളെ റാലിയിൽ പങ്കെടുക്കാനായി അയക്കുന്നത് ഇതിന്റെ സൂചനയാണ്.
അടുത്തയിടെ മമതയ്ക്കൊപ്പം ചേർന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ അദ്ധ്യക്ഷൻ സ്റ്റാലിൻ, മുൻ ബി.ജെ.പി നേതാവ് അരുൺ ഷൂറി, എൽ.ജെ.ഡി നേതാവ് ശരത് യാദവ്, എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ തുടങ്ങി 25ഓളം പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയ്ക്കെതിരായ ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ച് ഒന്നിച്ച് നിൽക്കുകയെന്നതാണ് മമതയുടെ മഹാറാലി ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിൽവച്ച് മമത പാർട്ടിനേതാക്കളുമായി മാരത്തോൺ ചർച്ചകൾ നടത്തിയതായാണ് വിവരം. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പരിപാടിയ്ക്ക് എല്ലാവിധപിന്തുണയും പ്രഖ്യാപിച്ച് മമതയ്ക്ക് കത്തയച്ചിരുന്നു. രാഹുലിന്റെ അഭാവത്തിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഭിഷേക് മനു സിംഗ്‌വി എന്നിവർ റാലിയിൽ പങ്കെടുക്കും.