udhay-singh

ന്യൂഡൽഹി: ബീഹാറിൽ പാർട്ടി നേതൃത്വം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് അടിയറവ് പറഞ്ഞുവെന്ന് ആരോപിച്ച് ബി.ജെ.പി മുൻ പാർലമെന്റ് അംഗം രാജിവച്ചു. പൂർണിയ ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് തവണ മത്സരിച്ച് വിജയിച്ച ഉദയ് സിംഗാണ് താൻ പാർട്ടി വിടുന്ന കാര്യം ഇന്നലെ പ്രഖ്യാപിച്ചത്. നിതീഷ് കുമാർ സർക്കാരിന് ഓരോ ദിവസവും ഭരണവീഴ്‌ചകൾ സംഭവിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്വം മുഴുവൻ ബി.ജെ.പി ഏറ്റെടുക്കേണ്ടി വരുമെന്നും ഉദയ് സിംഗ് മുന്നയിപ്പ് നൽകി. ബി.ജെ.പിയിൽ നിന്ന് രാജിവച്ച ഉദയ് സിഗ് കോൺഗ്രസിൽ ചേരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരുമെന്നും സൂചനയുണ്ട്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജ്യത്ത് വർദ്ധിച്ച് വരുന്ന ജനപിന്തുണയെ പ്രശംസിക്കാനും ഉദയ് സിംഗ് മറന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്ല ലക്ഷ്യങ്ങളുണ്ടെങ്കിലും അദ്ദേഹം യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ ഒരിക്കലും താൻ അനുകൂലിച്ചിരുന്നില്ല. പ്രതിപക്ഷമില്ലെങ്കിൽ ഒരിക്കലും ജനാധിപത്യത്തിന് പിടിച്ച് നിൽക്കാൻ കഴിയില്ല. ഇത് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,​ താൻ പാർട്ടി വിട്ടെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായോ ലാലു പ്രസാദ് യാദവുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഉദയ് സിംഗ് വ്യക്തമാക്കി. എന്നാൽ തനിക്ക് പിന്തുണ നൽകുന്ന പാർട്ടി പ്രവർത്തകരുമായി ആലോചിച്ച ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.