ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ബസിൽനിന്ന് പുറത്തേക്ക് തലയിട്ട് ഛർദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് മധ്യവയസ്‌കയുടെ തല വേർപെട്ടു. വെള്ളിയാഴ്ച സാന്ത ജില്ലയിൽ നിന്നും പന്നയിലേയ്‌ക്ക് പോകുകയായിരുന്ന ഛത്താപുർ സ്വദേശിനി ആശാറാണിയാണ് അപകടത്തിൽ മരിച്ചത്. അതിവേഗതയിൽ പോകുകയായിരുന്ന ബസിൽ നിന്ന് പുറത്തേയ്‌ക്ക് തലയിട്ട് ഛർദ്ദിക്കുന്നതിനിടെ സ്ത്രീയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബസിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് ഛർദ്ദിക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തല കഴുത്തിൽനിന്ന് വേർപെട്ട് റോഡിൽ വീണതെന്ന് കോട്‌വാലി പൊലീസ് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും പൊലീസ് വ്യക്തമാക്കി. ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്‌തതായും പൊലീസ് പറഞ്ഞു.