bindu-kanakadurga

കണ്ണൂർ: സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് ഇനി തങ്ങളുടെ ആവശ്യമെന്ന് ശബരിമലയിൽ ദർശനം നടത്തിയ യുവതികളിലൊരാളായ ബിന്ദു പറയുന്നു. ഇതിനായാണ് പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി യാഥാർത്ഥ്യം മനസിലാക്കുന്നുണ്ടെന്നാണ് തങ്ങൾക്ക് സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതിൽ നിന്ന് മനസിലാകുന്നത്. ശബരിമലയിൽ ദർശനം ആഗ്രഹിക്കുന്ന സ്ത്രീകൾക്കെല്ലാം ഇത് ധൈര്യം പകരുമെന്നും ബിന്ദു 'ഫ്ളാഷി'നോട് പറഞ്ഞു.

സ്വാതന്ത്ര്യം നഷ്ടപ്പെട്ടു

ഞങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തവരല്ല. എന്നിട്ടും സമൂഹത്തിൽ ഒരു പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞമാസം 22നാണ് ശബരിമല ദർശനത്തിന് വേണ്ടി വീട്ടിൽ നിന്നിറങ്ങിയത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാനാവുന്നില്ല. ഫോണിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരന്തര ഭീഷണികളുണ്ടാവുകയാണ്. എന്തൊക്കെതരം ഗൂഢാലോചനകളാണ് നമുക്കെതിരെ നടക്കുന്നതെന്ന് അറിയില്ല.

സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വീട്ടിൽ പോകാനാവുന്നില്ല, മകളെ കാണാനാവുന്നില്ല. ഭർത്താവിനെ കഴിഞ്ഞദിവസം ചില സാധനങ്ങൾ കൈമാറാനായി താൻ ജോലി ചെയ്യുന്ന കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ എത്തിയപ്പോഴാണ് അരമണിക്കൂർ സമയം കാണാനായത്. ജോലി ചെയ്യുന്ന സ്ഥലത്തിനും ഇപ്പോൾ താമസിക്കുന്ന വീടിനുമപ്പുറം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടിവന്നത്.

സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, ഞങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങണം : ബിന്ദു, കനകദുർഗ ഇംഗ്ളീഷിൽ വായിക്കാം

വാദത്തിനില്ല

ശബരിമലയിൽ തങ്ങളാണ് ആദ്യം കയറിയതെന്ന വാദത്തിനൊന്നുമില്ല. കോടതി വിധിയിലൂടെ കൂടുതൽ സ്ത്രീകൾ ദർശനം നടത്തിയിട്ടുണ്ടെങ്കിൽ സന്തോഷം. ഇനിയും സ്ത്രീകൾ പോകണമെന്ന ആഗ്രഹമാണുള്ളത്. സർക്കാർ സുപ്രീംകോടതിയിൽ നല്കിയ പട്ടിക ശരിയാണോ തെറ്റാണോയെന്നതിന് വിശദീകരണം നൽകേണ്ടത് സർക്കാരാണ്. തനിക്ക് ഇക്കാര്യത്തിൽ ന്യായീകരിക്കേണ്ട ആവശ്യമില്ല.

പ്രതിഷേധം താത്കാലികം: കനകദുർഗ

തങ്ങൾക്ക് നേരെയുള്ള പ്രതിഷേധങ്ങൾ താത്കാലികമാണന്ന് കനദുർഗ പറഞ്ഞു. ഇത് നേരിടാനാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. വൈകാതെ പ്രതിഷേധങ്ങളൊക്കെ അടങ്ങുമെന്നാണ് പ്രതീക്ഷ. അടുത്ത ശബരിമല സീസൺ ആകുമ്പോഴേക്ക് സാധാരണനിലയിൽ സ്ത്രീകൾക്ക് ദർശനം നടത്താനുള്ള സാഹചര്യമൊരുങ്ങും.

ജനുവരി രണ്ടിന് പുലർച്ചെയാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയത്.