തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള നവ കേരള നിർമ്മിതിക്കായി ജി.എസ്.ടി കൗൺസിൽ അനുവദിച്ച ഒരു ശതമാനം സെസ് സംസ്ഥാനത്ത് ഏർപ്പെടുത്തുന്നതുമൂലം ചില ഉത്പന്നങ്ങളുടെ വില കൂടും. 31ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനാണ് ജി.എസ്.ടി കൗൺസിൽ ഒരു ശതമാനം സെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകിയത്. ഇതിലൂടെ ഒരു വർഷം 500 കോടിയാണ് കേരളത്തിന് സമാഹരിക്കാൻ കഴിയുക. രണ്ടുകൊല്ലത്തേക്കാണ് സെസ്. ഇത് പിരിച്ചെടുക്കാൻ ചരക്ക് സേവന നികുതിയിലെ (ജി.എസ്.ടി) ചില സ്ളാബുകളിലെ ഉത്പന്നങ്ങളിലാകും സെസ് ചുമത്തുക. 5, 12, 18, 28 ശതമാനം നികുതിയുള്ളതാണ് ജി.എസ്.ടി സ്ളാബുകൾ. ഇതിൽ നിരക്ക് കൂടിയ രണ്ട് സ്ലാബുകളിൽ സെസ് ഏർപ്പെടുത്താനാണ് സാദ്ധ്യത എന്നറിയുന്നു. ഏതെങ്കിലും സ്ലാബുകളിലെ മുഴുവൻ ഉത്പന്നങ്ങൾക്കാണോ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് മാത്രമാണോ സെസ് ചുമത്തുക എന്നതും വ്യക്തമല്ല. ആഡംബര വസ്തുക്കൾക്ക് ഒരുപക്ഷേ, ഉറപ്പായും സെസ് ചുമത്തിയേക്കാം.
ജി.എസ്.ടി നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾ മാത്രമായി ഏതെങ്കിലും ഉത്പന്നങ്ങളുടെ നികുതി കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. എന്നാൽ, കേരളത്തിൽ സെസ് ചുമത്തുന്നതോടെ ചില സാധനങ്ങളുടെ വില കൂടും.
കേരളത്തിന് മാത്രമാണ് സെസ് ഏർപ്പെടുത്താൻ അനുമതിയുള്ളതിനാൽ സംസ്ഥാനത്തെ ജി.എസ്.ടി സോഫ്റ്ര് വെയറിൽ ഇതിനായി മാറ്രം വരുത്തേണ്ടി വരും. ജി.എസ്. ടിയുടെ സംസ്ഥാന വിഹിതത്തിൽ കേരളത്തിനകത്തുള്ള വില്പനയ്ക്ക് മാത്രമാണ് സെസ് ഉണ്ടാവുക. ഇതുമൂലം സൗകര്യത്തിനായി ഒരേ സ്ലാബിലുള്ള മുഴുവൻ ഉത്പന്നങ്ങൾക്കും സെസ് ഏർപ്പെടുത്തേണ്ടിവരുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഏതൊക്കെ ഇനങ്ങളിലാണ് സെസ് പ്രഖ്യാപിക്കുക എന്നറിയാൻ ഇത്തവണ ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിനായി കാത്തിരിക്കേണ്ടിവരും.
മദ്യത്തിന് വേണമെങ്കിൽ സംസ്ഥാനത്തിന് സെസ് ഏർപ്പെടുത്താം. എന്നാൽ സംസ്ഥാനത്തിന് നികുതി വർദ്ധിപ്പിക്കാൻ അധികാരമുള്ള ഉത്പന്നമാണ് മദ്യമെന്നതിനാൽ സെസിന് പകരം നികുതിതന്നെ വർദ്ധിപ്പിച്ചുകൂടായ്കയില്ല.
പദ്ധതി ചെലവുകൾ വെട്ടിച്ചുരുക്കും?
പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇത്തവണ സംസ്ഥാനത്തിന്റെ പദ്ധതിചെലവുകൾ വെട്ടിച്ചുരുക്കാനാണ് സാദ്ധ്യത. നിലവിലെ സാമ്പത്തിക വർഷംതന്നെ മിക്ക വകുപ്പുകൾക്കും അനുവദിച്ച പദ്ധതി വിഹിതം പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി 20 ശതമാനത്തോളം വെട്ടിച്ചുരുക്കിയിരുന്നു.
സെസ് ചുമത്തിയേക്കാവുന്നവ
ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, ആഡംബര വസ്തുക്കൾ , ചില ഭക്ഷ്യവസ്തുക്കൾ, ചില നിർമ്മാണ സാമഗ്രികൾ. സ്വർണത്തിന് സെസ് ഏർപ്പെടുത്തുകയാണെങ്കിൽ ഒരു പവന് മുന്നൂറ് രൂപാവരെ കൂടിയേക്കാം.