ശബരിമലയിലെ മണ്ഡല - മകരവിളക്ക് തീർത്ഥാടനകാലം ഇന്നലെ മാളികപ്പുറത്ത് നടന്ന ഗുരുതിയോടെ സമാപിച്ചിരിക്കുകയാണ്. ഈ തീർത്ഥാടനകാലം ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കെല്ലാം മനോവിഷമവും ദുഃഖവും ഉണ്ടാക്കുന്നതായിരുന്നു. നാമജപത്തിലൂടെ ഭക്തർ ഈ വിഷയത്തിൽ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ്. നാമജപത്തിന്റെ ശക്തി തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഭഗവാന്റെ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരത്തിന്റെ താത്പര്യം ആചാരങ്ങളും ക്ഷേത്രനിയമങ്ങളും പരിപാലിക്കപ്പെടണമെന്നാണ്. വരുംനാളുകളിൽ അതിന് അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന കണക്കുകളാണ് പുതിയ ചർച്ചാ വിഷയം. രണ്ട് മാസം കേരളത്തിലെ മാദ്ധ്യമങ്ങൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നതാണ് യുവതീപ്രവേശനത്തിന്റെ ഓരോ ഘട്ടവും. എത്ര യുവതികൾ ശബരിമല ദർശനം നടത്തി എന്നത് മാദ്ധ്യമങ്ങൾക്ക് ഉൾപ്പടെ ബോദ്ധ്യപ്പെട്ടതുമാണ്. ആ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ സർക്കാർ കൊടുത്ത ഈ കണക്കുകൾ എത്രത്തോളം സത്യസന്ധമാണെന്നത് ഉറപ്പാക്കാനായിട്ടില്ല. തെറ്റായ വിവരം നൽകാനുള്ള സാഹചര്യത്തെക്കുറിച്ച് സർക്കാർ തന്നെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. മാത്രമല്ല, കോടതിയിൽ നിലവിലിരിക്കുന്ന റിവ്യൂ പെറ്റീഷൻ ദുർബലപ്പെടുത്താൻ വേണ്ടിയിട്ടുള്ള ഒരു നീക്കമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. വാസ്തവ വിരുദ്ധമായ ഇത്തരം കള്ളസത്യവാങ്മൂലങ്ങൾ കോടതിയിൽ കൊടുത്താൽ അതിന് നിയമപരമായി തിരിച്ചടി ഉണ്ടാകാവുന്നതാണ്.
താന്ത്രികപരമായി തന്ത്രി ചെയ്ത ശുദ്ധീകരണക്രിയകളിൽ കോടതി ഇടപെട്ടിട്ടില്ല. അങ്ങനെയുള്ള അപേക്ഷകൾ കോടതി പരിഗണിക്കാത്തത് തികച്ചും സ്വാഗതാർഹമാണ്. താന്ത്രികപരമായ കാര്യങ്ങളിൽ ക്ഷേത്രം തന്ത്രിക്കുള്ള അധികാരങ്ങൾ സുപ്രീംകോടതി തന്നെ പല വിധിന്യായങ്ങളിലും പ്രസ്താവിച്ചിട്ടുള്ളതാണ്. ഇനി കേസ് കോടതി പരിഗണിക്കുന്ന വേളയിൽ ഇക്കാര്യങ്ങളിലെല്ലാം വിശദമായ വാദം ഉണ്ടാകും എന്ന് കരുതുന്നു.
കൊട്ടാരവും കേസിൽ കക്ഷിയാണ്. അതിനാൽ കേസ് സംബന്ധിച്ച കാര്യങ്ങളിൽ കൊട്ടാരം അഭിപ്രായം രേഖപ്പെടുത്തുന്നില്ല. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് കൊട്ടാരത്തിന്റെ പ്രതീക്ഷ. തിരുവാഭരണങ്ങൾ ശബരിമലയിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം പന്തളം കൊട്ടാരം വലിയ തമ്പുരാന്റെ നിർദേശപ്രകാരം കൊട്ടാരം ഭരണസമിതി ഇതുസംബന്ധിച്ച ഭാവികാര്യങ്ങളിൽ വിശദവും യുക്തവുമായ തീരുമാനങ്ങൾ കൈക്കൊള്ളും.
കർമ്മസമിതിയുമായി പൂർണമായി സഹകരിക്കുന്നുണ്ട്. കൊട്ടാരവുമായി ചർച്ച ചെയ്തിട്ടാണ് അവർ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ആചാരം സംരക്ഷിക്കുന്നതിന് അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. പ്രതികൂലമായ ഒരു വിധിയെക്കുറിച്ച് ഇപ്പോൾ ഞങ്ങൾ ചിന്തിക്കുന്നില്ല. ഇനി വരാനുള്ള കോടതി തീരുമാനങ്ങളിൽ ഭഗവാന്റെ അനുഗ്രഹം പ്രതീക്ഷിക്കുന്നു.
( ലേഖകൻ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയാണ്. )