ശബരിമല: അന്യസംസ്ഥാന ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പിന്തിരിഞ്ഞ കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തും ഷാനില സജേഷും ഇന്ന് വെളുപ്പിന് വീണ്ടും മല കയറാനെത്തി. എന്നാൽ സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി നിലയ്ക്കലിൽ വച്ച് പൊലീസ് ഇവരെ പിന്തിരിപ്പിച്ച് മടക്കിയയച്ചു.
പുലർച്ചെ 5.15 ഓടെയാണ് യുവതികൾ ഉൾപ്പെട്ട ആറംഗ സംഘം രണ്ട് കാറുകളിലായി നിലയ്ക്കലിൽ എത്തിയത്. സുരക്ഷയുടെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടെയാണ് യുവതികൾ അടങ്ങിയ സംഘമാണെന്ന് മനസിലാക്കിയത്. ഇതോടെ ഇവരെ നിലയ്ക്കൽ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. പമ്പ മുതൽ സന്നിധാനം വരെ നൂറുകണക്കിന് ശബരിമല കർമ്മസമിതി പ്രവർത്തകരും തീർത്ഥാടക സംഘവും തടയാൻ തമ്പടിച്ചിട്ടുണ്ടെന്ന വിവരം അറിയിച്ചെങ്കിലും പൊലീസ് സംരക്ഷണം വേണമെന്ന് ഇവർ ശഠിച്ചു.
നിലവിലെ സാഹചര്യത്തിൽ സന്നിധാനത്തേക്ക് കൊണ്ടുപോയാൽ കടുത്ത ചെറുത്തുനിൽപ്പ് വേണ്ടിവരുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അസാദ്ധ്യമാണെന്നും പൊലീസ് ഇവരെ ധരിപ്പിച്ചു.
സന്നിധാനത്തേക്ക് പൊലീസ് സുരക്ഷയിൽ കൊണ്ടുപോയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് വിവരം ലഭിച്ചതും ഇവരെ പിന്തിരിപ്പിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. തുടർന്ന് നിലയ്ക്കൽ പൊലീസ് സ്‌പെഷ്യൽ ഓഫീസർ ജമാലുദീൻ ഇവരുമായി ചർച്ച നടത്തി. പമ്പയിലെയും സന്നിധാനം വരെയുള്ള പാതയിലെയും സാഹചര്യങ്ങൾ വിവരിച്ചു. എന്നാൽ ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാടിൽ യുവതികൾ ഉറച്ചുനിന്നു. ഇതോടെ വേണമെങ്കിൽ പമ്പവരെ കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു.
തീർത്ഥാടകർ തടഞ്ഞാൽ മുന്നോട്ട് പോവുക ബുദ്ധിമുട്ടാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തടയുന്നിടത്തുനിന്ന് തിരിച്ചു പോരണമെന്നും വ്യക്തമാക്കി. ഇത് ഇവർ അംഗീകരിച്ചില്ല. തുടർന്ന് ഡി.ജി.പിയെ ഫോണിൽ ബന്ധപ്പെട്ട ശേഷം യുവതികളെ തിരിച്ചയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇവരെ പിന്നീട് പൊലീസ് വാഹനത്തിൽ സുരക്ഷിതമായി എരുമേലിയിൽ എത്തിക്കുകയും ചെയ്തു .'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ശ്രേയാംസ് കണാരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ദർശനത്തിനെത്തി മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയ്ക്ക് സമീപം പ്രതിഷേധക്കാർ തടയുകയായിരുന്നു. അന്യസംസ്ഥാന ഭക്തരാണ് ഇവരെ തടഞ്ഞത്. തുടർന്ന് പൊലീസ് ഇടപെട്ട് മടക്കി അയയ്ക്കുകയായിരുന്നു. അന്നിവർ ദർശനത്തിന് വീണ്ടുമെത്തുമെന്ന് അറിയിച്ചിരുന്നു. 41 ദിവസം വ്രതവുമായി ശബരിമല കയറുമെന്ന് ഫേസ് ബുക്കിലൂടെ അറിയിച്ച രേഷ്മയ്‌ക്കെതിരെ അന്നേ ഭീഷണി ഉയർന്നിരുന്നു. തുടർന്ന് രേഷ്മയുടെ വീട്ടുപരിസരത്ത് പൊലീസ് ഏർപ്പെടുത്തിയ സുരക്ഷ തുടരുകയാണ്. യുവതികൾ എത്തിയ പശ്ചാത്തലത്തിൽ നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
' പൊലീസ് പിന്നോട്ട് പോയി'
തങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കാമെന്ന് പൊലീസ് നൽകിയ ഉറപ്പിനെ തുടർന്നാണ് തങ്ങൾ എത്തിയതെന്നും എന്നാൽ പൊലീസ് ഉറപ്പിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നുവെന്നും ശ്രേയാംസ് കണാരൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. താത്കാലികമായാണ് പിൻമാറ്റം. നിരവധി യുവതികൾ ശബരിമല ദർശനത്തിന് തയ്യാറെടുത്ത് നിൽക്കുകയാണ്. ഇത് സാദ്ധ്യമാക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുറത്തുനിന്നുള്ള ഇടപെടലിന്റെ പേരിൽ യുവതികൾക്ക് സുരക്ഷയൊരുക്കേണ്ടതില്ലെന്ന ശബരിമലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടാണ് സുരക്ഷയൊരുക്കുന്നതിൽ നിന്ന് പിൻമാറാൻ ഇടയാക്കിയത്.
രണ്ടാം വരവ്
വന്നു, മടങ്ങി
പുലർച്ചെ നിലയ്ക്കലിൽ എത്തിയ സംഘത്തെ പൊലീസ് തടയുന്നു
പിന്നീട് കൺട്രോൾ റൂമിലേക്ക് കൊണ്ടുപോയി
വ്രതമെടുത്താണ് എത്തിയത് പിൻമാറില്ലെന്ന് യുവതികൾ
പൊലീസ് യുവതികളുമായി ചർച്ച നടത്തുന്നു
പിന്തിരിയാൻ തയ്യാറാകാതെ യുവതികൾ
സ്പെഷ്യൽ ഓഫീസർ ഡി.ജി.പിയുമായി ബന്ധപ്പെടുന്നു
ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് വിലയിരുത്തൽ
യുവതികളെ പൊലീസ് എരുമേലിയിലേക്ക് തിരിച്ചയച്ചു