ശബരിമല : മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ 99.02 കോടി രൂപ കുറഞ്ഞു. മണ്ഡല കാലത്ത് 62.32 കോടിയും മകരവിളക്കിന് 36.70 കോടിയുമാണ് കുറഞ്ഞത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷവും നിരോധനാജ്ഞയുമാണ് ദേവസ്വം ബോർഡിന് കനത്ത നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ മണ്ഡല കാലത്ത് 173.38 കോടി ലഭിച്ചപ്പോൾ ഇത്തവണ അത് 111.06 കോടിയായി. ഇതോടെ ഈ സീസണിലെ മൊത്തം കുറവ് 36.27 ശതമാനമായി.
കഴിഞ്ഞ വർഷം മകരവിളക്ക് സീസണിലെ 18 ദിവസം പിന്നിട്ടപ്പോൾ നടവരവായി 99,74,32,408 രൂപ ലഭിച്ചു. ഇക്കുറി 63,00,69,947 രൂപയായി കുറഞ്ഞു. കാണിക്കയിൽ 7.82 കോടിയും അരവണയിൽ 6.64 കോടിയും, അപ്പത്തിൽ 2.15 കോടിയുമാണ് കുറഞ്ഞത്. അതേസമയം സംഭാവനയായി സന്നിധാനത്ത് 3.60 ലക്ഷത്തിന്റെയും മാളികപ്പുറത്ത് 9.94 ലക്ഷത്തിന്റെയും അധികവരുമാനമുണ്ടായി.
മകരവിളക്ക് സീസണിൽ പ്രധാന ഇനങ്ങളിൽ ലഭിച്ചത്. ബ്രായ്ക്കറ്റിൽ കഴിഞ്ഞ സീസണിലേത്
അപ്പം: 3,09,73,285 (5,25,31,625)
അരവണ: 28,32,43,545 (34,97,24,875)
കാണിക്ക: 24,57,83,875 (32,40,01,900)
അഭിഷേകം: 73,54,890 (80,73,025)
സംഭാവന: 46,46,946 (42,86,470)
അന്നദാന സംഭാവന: 45,31,777 (49,70,053)
മാളികപ്പുറം: 55,41,290 (50,47,015)
നടയടയ്ക്കാൻ ഒരു ദിവസം ശേഷിക്കേ, സീസണിൽ ആദ്യമായി കഴിഞ്ഞദിവസം ദർശനത്തിനുള്ള നിര ശരംകുത്തിവരെ നീണ്ടു. ഉച്ചപൂജയ്ക്ക് മുന്നോടിയായി പന്തളം രാജപ്രതിനിധി മൂലംനാൾ പി. രാഘവവർമ്മ രാജയുടെ സാന്നിദ്ധ്യത്തിൽ ദേവസ്വത്തിന്റെ കളഭാഭിഷകം നടന്നു. രാത്രി ഒമ്പതിന് മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്ത് ശരംകുത്തിവരെ പോയി. ഇന്നുകൂടിയേ ഭക്തർക്ക് സന്നിധാനത്ത് ദർശനമുള്ളൂ. രാത്രി 10ന് നടയടച്ചശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഞായറാഴ്ച രാവിലെ ഏഴിന് നട അടച്ച് പന്തളം രാജ പ്രതിനിധി തിരുവാഭരണങ്ങളുമായി പടിയിറങ്ങും.