ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ബന്ദ്‌വാറിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകനായ മനീഷ് ബൈറാഗിയെ പൊലീസ് പിടികൂടി. ഇയാളെ രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
മന്ദേശ്വറിലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രസിഡന്റായ പ്ലഹ്ലാദിനെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ക്രൂരമായി വെടിവച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ മനീഷ് ബൈറാഗിയാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി അരഡസനോളം കേസുകളിലെ പ്രതിയായ മനീഷ് ബൈറാഗി നേരത്തെ തന്നെ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പ്രഹ്ലാദിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരും തമ്മിൽ ഭൂമിതർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, മനീഷ് ബൈറാഗി തങ്ങളുടെ പ്രവർത്തകനാണെന്ന റിപ്പോർട്ടുകൾ സംസ്ഥാന ബി.ജെ.പി നേതൃത്വം നിഷേധിച്ചു. ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് മനീഷ് ബൈറാഗിയെന്ന് സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി ബൽഷിലാൽ പറഞ്ഞു.