തിരുവനന്തപുരം: ശബരിമലയിൽ അമ്പത്തൊന്നല്ല അതിൽ കൂടുതൽ യുവതികൾ കയറിയിട്ടുണ്ടാകാമെന്ന് വ്യവസായമന്ത്രി മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കി. യുവതികൾ പ്രവേശനം നടത്തിയതിൽ സർക്കാരിന്റെ കയ്യിലുള്ള രേഖകൾ പ്രകാരമുള്ള പട്ടികയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പട്ടിക സർക്കാരാണ് നൽകിയതെന്നും ദേവസ്വംബോർഡിന് പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. എത്ര സ്ത്രീകൾ കയറിയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സർക്കാരിന് പട്ടികയിൽ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സർക്കാർ ഒരു പട്ടിക കൊടുത്തെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ബിന്ദുവും കനക ദുർഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാൽ മാത്രം നൽകാനായിരുന്നു പട്ടിക. വെർച്വൽ ക്യൂവിൽ രെജിസ്റ്റർ ചെയ്തവർ നൽകിയ വിവരങ്ങൾ എന്ന് വ്യക്തമാക്കിയാണ് പട്ടിക നൽകിയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ലിസ്റ്റിന്‍റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കി.