health-tips

പ്രായം കൂടുന്തോറും മനുഷ്യന്റെ മടിയും കൂടുന്നുവെന്നാണ് വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇത്തരത്തിൽ മടിയന്മാരായി മാറുമ്പോൾ നമ്മുടെ ആരോഗ്യവും പതിയെ നശിക്കുന്നുണ്ടെന്ന് ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ? തിരക്കിട്ട ജീവിതപ്പാച്ചിലിനിടയിൽ കുടുംബാംഗങ്ങൾക്കൊപ്പവും കിടപ്പറയിലും സമയം ചെലവഴിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കണം. ഒപ്പം ആരോഗ്യ സംരക്ഷണത്തിനായി ചില കാര്യങ്ങളും ഓർക്കണം. അറുപതിലും 17കാരന്റെ ചുറുചുറുക്ക് നിലനിറുത്താൻ സഹായിക്കുന്ന 20 മാർഗങ്ങൾ

health-tips

1. ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമ മുറകൾ സ്വീകരിക്കേണ്ടത്. സ്‌ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വർധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്‌ട്രെച്ചിങ് വ്യായാമമാണ്. അതോടൊപ്പം തന്നെ നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്.

2. ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിൽ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങാൻ കഴിയണം. ഉറക്കക്കുറവ് പല സമ്മർദങ്ങൾക്കുമിടയാക്കും.

3. ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഹോൾ വീറ്റ്, തവിടുള്ള അരി, ഹോൾ വീറ്റ് ബ്രെഡ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം.

health-tips

4. ശരീരം അധികം വണ്ണിക്കാതിരിക്കാൻ ആഹാരത്തിൽ നിയന്ത്രണവും ഏർപ്പെടുത്തണം. മധ്യവയസായാൽ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി അധികമായി മെലിയരുത്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കരുത്. ഭക്ഷണകാര്യത്തിൽ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.

5. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. 35 കഴിഞ്ഞ സ്ത്രീകളിൽ കൂടുതലായും കണ്ടു വരുന്ന പ്രശ്നമാണ് യൂറിനറി ഇൻഫെക്ഷൻ. ഇതൊഴിവാക്കാനും ചർമ്മം മൃദുവാക്കാനും ധാരാളമായി വെള്ളം കുടിക്കുക.

6. ഗ്രീൻടീ കുടിക്കുന്നത് പതിവാക്കുക. യൗവ്വനം നിലനിർത്തുന്നതോടൊപ്പെം തന്നെ ആരോഗ്യവും പ്രദാനം ചെയ്യാൻ ഗ്രീൻടീയ്ക്ക് കഴിയും.

7. ദിവസവും കൃത്യസമയത്ത് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. മാനസികാരോഗ്യം പ്രദാനം ചെയ്യാനും പ്രാതലിന് കഴിയും.

8. അനീമിയയാണ് മറ്റൊരു ആരോഗ്യപ്രശ്നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചിൽ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്. രക്തയോട്ടം വർധിപ്പിക്കുന്ന ഈത്തപ്പഴം പോലുള്ള ഭക്ഷണ വസ്തുക്കൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

9. പ്രായം കൂടുന്തോറും സ്ത്രീകളിൽ പൊതുവേ അയേണിന്റെ അളവ് കുറഞ്ഞു വരാറുണ്ട്. കരൾ, പച്ചിലക്കറികൾ, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ഇരുമ്പു പാത്രങ്ങളിൽ ആഹാരം പാകം ചെയ്ത് കഴിക്കുന്നതു നല്ലതാണ്.

10. ആഹാരത്തിൽ എപ്പോഴും ഫൈബറിന്റെ സാന്നിധ്യവും വേണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസം കഴിക്കണം.

health-tips

11. ദാഹിക്കുമ്പോഴും ക്ഷീണം തോന്നുമ്പോഴും ധാരാളമായി കോള, കോഫി തുടങ്ങിയ ലഹരി പാനീയങ്ങൾ കുടിക്കാതിരിക്കുക. ഇവയിൽ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. ഇവ ദാഹം മാറ്റുന്നതായി തോന്നിക്കുന്നുവെങ്കിലും യഥാർഥത്തിൽ ശരീരത്തിൽ ഡീഹൈഡ്രേഷനാണ് ഉണ്ടാക്കുന്നത്.

12. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡാൽഡ പോലുള്ള എണ്ണകൾ പാചകത്തിനുപയോഗിക്കരുത്. അതുപോലെ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക.

13. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം ആരോഗ്യത്തിന് നല്ലതാണ്. അതിന് ധാരളമായി ചെറു മത്സ്യങ്ങൾ കഴിക്കുക. ബദാം, തേങ്ങ, ഒലീവ് ഓയിൽ ഇതെല്ലാം നല്ലതാണ്. ആഴ്ചയിൽ 23 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ പാചകത്തിനുപയോഗിക്കുന്നത് ചർമത്തിനും ഗുണം നൽകും.

14. തിരക്കേറുന്നതോടെ ചർമസംരക്ഷണത്തിൽ ശ്രദ്ധിക്കാതിരിക്കരുത്. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ദിവസവും സൺസ്‌ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് സ്‌കിൻ കാൻസറിൽ നിന്നും സംരക്ഷണം തരുന്നു. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സൺ സ്‌ക്രീൻ ലോഷൻ പുരട്ടണം.

15. ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇവ കഴിയുന്നതും കുറച്ച് ഭക്ഷിക്കുക.

16. വൈറ്റമിൻ സിയും ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. നാരങ്ങാ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം. 90 മില്ലിഗ്രാം വൈറ്റമിൻ സി ദിവസേന ആവശ്യമുണ്ട്.

17. മുപ്പത് വയസിനു ശേഷം എല്ലുകളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഈ പ്രായത്തിൽ ബോൺ ഡെൻസിറ്റി കുറഞ്ഞുവരും. ഒരു ഗ്ലാസ് പാൽ ദിവസവും കുടിക്കുന്നത് എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

18. രക്തസമ്മർദ്ദം വരാതെയും ഗ്ലൂക്കോസിന്റെ നില താഴാതെയും നോക്കണം. ഇങ്ങനെ സംഭവിച്ചാൽ പെട്ടെന്ന് മാനസിക സമ്മർദം ഉയരാനും കാരണമാകും. ചെറിയ മധുരഭക്ഷണ പദാർത്ഥങ്ങൾ എപ്പോഴും ബാഗിൽ സൂക്ഷിക്കുക. ഉപ്പും മധുരവും ചേർത്ത നാരങ്ങാവെള്ളവും ഇടയ്ക്കിടെ കുടിക്കാം.

19. ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണ്. സമ്മർദങ്ങളെ അകറ്റണം. ധ്യാനമോ യോഗയോ പ്രാർത്ഥനയോ ഒക്കെ മാനസികാരോഗ്യത്തിന് നല്ലതാണ്.

20. നാൽപത് വയസ് കഴിഞ്ഞാൽ കൃത്യമായ രോഗപരിശോധനകൾ നടത്തണം. സ്വയം സ്തന പരിശോധന നടത്തുന്നതും പ്രധാനമാണ്. രോഗങ്ങൾസ പലതും നേരത്തെ തിരിച്ചറിഞ്ഞാൽ മരുന്നുകൾ വഴി നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളൂ.