kodiyeri-balakrishanan

ആലപ്പാട്: ആലപ്പാട് തീരത്ത് കരിമണൽ ഖനനം നിർത്തി വച്ച് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഖനനം നിർത്തിയാൽ അത് വ്യവസായ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ ഏത് പ്രശ്നത്തിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

വ്യവസായത്തിനൊപ്പം പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വ്യവസാമാണ് സർക്കാരിന് താല്പര്യം. ആലപ്പാട് വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായ എന്തെങ്കിലുമുണ്ടോ എന്നതിനെ കുറിച്ച് പഠിക്കാനായി ഒരു വിദഗ്ദ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

പ്രദേശവാസികളായവർ പ്രശ്ന പരിഹാരത്തിനായി സമിതിയുമായി സഹകരിക്കണമെന്നും പരാതികൾ പഠന കമ്മറ്റിക്ക് മുന്നിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പാട് തീരത്ത് കടൽ ഭിത്തി പണിയാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംഘർഷമുണ്ടാക്കുകയല്ല പരിഹരിക്കുകയാണ് വേണ്ടത്. സംഘർഷം ഉണ്ടാക്കുകയെന്നത് സർക്കാർ നയമല്ല.

അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് സീവാഷിംഗ് നിർത്തിയത്. ഇതിൽ തൊഴിലാളി സംഘടനകൾക്ക് എതിർപ്പുണ്ടായിരിക്കാം. പക്ഷേ തൊഴിലാളി സംഘടകളുടെ മാത്രം അഭിപ്രായം നോക്കി തീരുമാനമെടുക്കാൻ സാധിക്കില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പൊതുതാല്പര്യം നോക്കിയാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.