തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4 ന് പുത്തരിക്കണ്ടം മൈതാനിയിൽ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തർ സമ്മേളനത്തിൽ പങ്കെടുക്കും. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളിൽ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്പോൾ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും.
കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയിൽ മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. നിരവധി ആദ്ധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പ്രസംഗിക്കും.
സംഗമത്തിന്റെ മന്നോടിയായി ഇന്നലെ വൈകിട്ട് നഗരത്തിൽ മഹിളാ വാഹന വിളംബര ജാഥ നടന്നു. അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത വിളംബര ജാഥ പാളയം ഹനുമാൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് പട്ടം കേശവദാസ പുരം, പരുത്തിപ്പാറ, അമ്പലമുക്ക് , പേരൂർക്കട , വട്ടിയൂർക്കാവ് , ശാസ്തമംഗലം, വെള്ളയമ്പലം, പാളയം , സ്റ്രാച്യു വഴി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. സംഗമത്തിന്റെ മുന്നോടിയായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒരുക്കിയ അയ്യപ്പ മണ്ഡപങ്ങളിൽ പൂജ നടക്കുന്നുണ്ട്